യുപിയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; 36കാരൻ അറസ്റ്റിൽ, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു
ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. മാട്ടൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു. പെൺകുട്ടി ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഗ്രാമത്തിൽ ഒരു വിവാഹ ഘോഷയാത്ര എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികൾ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു, അതേസമയം വധുവിന്റെ മൂന്ന് വയസ്സുള്ള മരുമകൾ മറ്റ് കുട്ടികളോടൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത്, അതേ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ കുട്ടിയെ എടുത്തുകൊണ്ട് സ്ഥലംവിടുകയായിരുന്നു.
കുറച്ചുകഴിഞ്ഞാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് 300 മീറ്റർ അകലെ ഗ്രാമവാസിയായ ശ്യാംപാൽ(36) എന്ന യുവാവിനൊപ്പം കണ്ടു.ഇയാളുടെ അലങ്കോലമായ വസ്ത്രങ്ങളും പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറകളും കണ്ടതോടെ വീട്ടുകാര്‍ക്ക് സംശയമായി. കുട്ടി അബോധാവസ്ഥയിലായിരുന്നു. കുടുംബം ഉടൻ തന്നെ ഭിഖാംപൂർ പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരമറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് സ്റ്റേഷൻ ഓഫീസർ രവീന്ദ്ര സോങ്കർ പറഞ്ഞു. കുട്ടിയെ ആദ്യം സമീപത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചത്. പിന്നീടാണ് ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സക്കായി ലഖ്‌നൗവിലേക്ക് റഫർ ചെയ്തതായും സർക്കിൾ ഓഫീസർ യാദവേന്ദ്ര പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും എസ്‌സി/എസ്ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.