'അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടും'; കുമാരസ്വാമിക്കെതിരെ ഡി.കെ ശിവകുമാര്‍
കുമാരസ്വാമിയെ രാജ്യദ്രോഹി എന്ന് വിളിച്ച ശിവകുമാര്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി
ബംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കെതിരെ കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ആഭ്യന്തര മന്ത്രി അമിത് ഷായുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിയെ രാജ്യദ്രോഹി എന്ന് വിളിച്ച ശിവകുമാര്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉടൻ തന്നെ വീഴാൻ സാധ്യതയുണ്ടെന്നും ശിവകുമാറിന് അമിത് ഷായുമായി ബന്ധമുണ്ടെന്നും കുമാരസ്വാമി പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കുമാരസ്വാമി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ തെറ്റായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നും പിന്നീട് തെളിഞ്ഞു. ഇതോടെ സംഭവത്തില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തിയെ അപലപിച്ച് ശിവകുമാര്‍ രംഗത്തെത്തി.
ഇക്കാര്യം സംബന്ധിച്ച് ബംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തിനിടെ ചില റിപ്പോര്‍ട്ടര്‍മാര്‍ ശിവകുമാറിനോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ശിവകുമാറിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികരണം തേടിയത്. ഒരു വിഭാഗം റിപ്പോർട്ടർമാർ തെറ്റായ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും കുമാരസ്വാമിക്കെതിരെ തന്നെ രംഗത്തിറക്കുകയും ചെയ്തുവെന്ന് ഡി.കെ ആരോപിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന റിപ്പോർട്ടർമാരുടെ പെരുമാറ്റത്തെ അപലപിച്ച് ഉപമുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് പ്രസ്താവന ഇറക്കി. "മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകുന്നതിലും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത്തരമൊരു പ്രതികരണം ലഭിക്കുന്നതിലും ഉപമുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. തെറ്റായ വിവരങ്ങൾ സൃഷ്ടിച്ച് തെറ്റായ ചോദ്യങ്ങൾ ചോദിക്കരുത്. ഇത് മാധ്യമങ്ങളുടെ ബഹുമാനത്തിനും അന്തസ്സിനും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തും," പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര തർക്കം സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെയാണ് ഈ സംഭവം.