'കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും മധ്യസ്ഥ ശ്രമങ്ങൾക്കും മുൻഗണന'; നിലപാട് വ്യക്തമാക്കി നിയുക്ത ചീഫ് ജസ്റ്റിസ്
രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി തിങ്കളാഴ്ചയാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേൽക്കുന്നത്
ന്യൂഡൽഹി: ജാമ്യ ഹരജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനും കോടതിക്ക് പുറത്തുള്ള മധ്യസ്ഥതക്കും ആയിരിക്കും തന്റെ മുൻഗണനയെന്ന് നിയുക്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എ.സൂര്യകാന്ത്. രാജ്യത്തിന്റെ 53-ാം ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേൽക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.
75 വർഷത്തെ ഉജ്ജ്വല ചരിത്രമുള്ള ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് വിദേശരാജ്യങ്ങളുടെ വിധി പ്രസ്താവങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. സുപ്രിംകോടതി വിധികൾ തന്നെ വേണ്ടുവോളമുണ്ട്. വിദേശ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ സാമൂഹിക സാഹചര്യം എന്നതിനാൽ വിദേശ കോടതി വിധികൾക്ക് പകരം സുപ്രിംകോടതിയുടെ തന്നെ വിധികളെ ആശ്രയിക്കുന്നതാവും ഉചിതം. രാഷ്ട്രപതിയുടെ റഫറൻസിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയും താനും വിധി ഭാരതീയമാകണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പരമാവധി കേസുകൾ ഹൈക്കോടതി കേൾക്കണമെന്നും അതുകഴിഞ്ഞ് സുപ്രിംകോടതിയിലേക്ക് വന്നാൽ മതിയെന്നുമാണ് തന്റെയും നിലപാട്. അതേസമയം ദേശീയ പ്രാധാന്യമുള്ള കേസുകൾ അടിയന്തരമായി കേൾക്കേണ്ടിവരും. അതിൽ അഭിഭാഷകന്റെ വലിപ്പ ചെറുപ്പം നോക്കേണ്ടതില്ല. സമൂഹമാധ്യമങ്ങളിലെ ട്രോളുകളെയും വിമർശനങ്ങളെയും താൻ ഭയക്കുന്നില്ലെന്നും അവ തന്റെ വിധികളെ സ്വാധീനിക്കില്ലെന്നും ജസ്്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തിൽ ശുഭകരമായ ഒരു വാർത്തക്ക് ഡിസംബർ ഒന്ന് വരെ കാത്തിരിക്കണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകൾ കുന്നുകൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. കോടതിക്ക് പുറത്തുള്ള മധ്യസ്ഥമാണ് കേസുകൾ കുറയ്ക്കുന്നതിനുള്ള മാർഗം. മധ്യസ്ഥത്തിനുള്ള കൂടുതൽ വേദികൾ ഉണ്ടാവണം. അതിന് സർക്കാരുമായും ആശയവിനിമയം നടത്തുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.