​ഗുജറാത്ത് മുതൽ ഗസ്സ വരെ ചർച്ചയായി ജെഎൻയു തെരഞ്ഞെടുപ്പ് സംവാദം; ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് സ്ഥാനാർഥികൾ

ഈ രാജ്യം നാഗ്പൂരിലെ പൊളിറ്റ് ബ്യൂറോയെയല്ല, ഭരണഘടനയെയാണ് ആശ്രയിക്കുന്നതെന്ന് ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തി എൻ‌എസ്‌യു‌ഐ സ്ഥാനാർഥി വ്യക്തമാക്കി.

Update: 2025-04-25 10:57 GMT
Advertising

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സുപ്രധാന വിഷയങ്ങൾ ചർച്ചയായി ഡൽഹി ജവഹർലാൽ നെഹ്രു വിദ്യാർഥി യൂണിയൻ തെര‍ഞ്ഞെടുപ്പ്. ബുധനാഴ്ച നടന്ന ജെഎൻയു പ്രസിഡൻഷ്യൽ ഡിബേറ്റിലാണ് ​ഗുജറാത്ത് മുതൽ ​ഗസ്സ വരെ ചർച്ചയായത്. വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെ എല്ലാ സംഘടനകളുടെയും സ്ഥാനാർഥികൾ ഒറ്റക്കെട്ടായി അപലപിച്ചു.

ക്യാമ്പസ് പ്രശ്‌നങ്ങൾ, ദേശീയ രാഷ്ട്രീയം, ആഗോള കാര്യങ്ങൾ എന്നിവയെച്ചൊല്ലിയാണ് ചൂടേറിയ വാദപ്രതിവാദങ്ങളുണ്ടായത്. ഗംഗാ ഹോസ്റ്റലിനടുത്തുള്ള പവലിയനിൽ ബുധനാഴ്ച രാത്രി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംവാദം വ്യാഴം പുലർച്ചെ വരെ നീണ്ടു, മുദ്രാവാക്യങ്ങളും ഡ്രംസ് മുഴക്കവും നിറഞ്ഞ സംവാദവേദിയിൽ വിവിധ വിദ്യാർഥി സംഘടനകൾ ഫലസ്തീൻ, ഇസ്രായേൽ അനുകൂല ബാനറുകളും പതാകകളും ഉയർത്തുകയും ചെയ്തു.

സംവാദത്തിനിടെ എബിവിപിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ വിദ്യാർഥികൾ കാവിക്കൊടികൾ വീശി ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയപ്പോൾ നീലക്കൊടികളുയർത്തി ജയ് ഭീം വിളിച്ചായിരുന്നു ദലിത്- അംബദ്കറൈറ്റ് വിദ്യാർഥികളുടെ പ്രതിരോധം. ഈ സമയം ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ചുവന്ന പതാകകളും ഒപ്പം പലസ്തീൻ പതാകയും വീശി.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരമായി ഒരു നിമിഷം മൗനമാചരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു വിവിധ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനാർഥികളുടെ പ്രസംഗങ്ങൾ ആരംഭിച്ചത്. വിവിധ വിഷയങ്ങളിൽ അവർ ഏറ്റുമുട്ടി. പഹൽ​ഗാം ഭീകരാക്രമണത്തെ പ്രതിപക്ഷ സംഘടനകളുമായി ബന്ധപ്പെടുത്തിയായിരുന്നു എബിവിപി പ്രസിഡന്റ് സ്ഥാനാർഥി ശിഖ സ്വരാജിന്റെ പ്രസം​ഗം.

തുടർന്ന്, ഇടതുപക്ഷ- അംബേദ്കറൈറ്റ് മുന്നണിയെ പ്രതിനിധീകരിക്കുന്ന തയ്യബ അഹമ്മദ് വേദിയിലെത്തിയപ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും വൻ ശക്തിയിൽ ഡ്രമ്മുകൾ അടിച്ചും പ്രസം​ഗം തടസപ്പെടുത്താൻ എബിവിപി വിദ്യാർഥികൾ ശ്രമിച്ചു. എന്നാൽ, സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനമാണ് തയ്യബ പ്രസം​ഗത്തിൽ ഉന്നയിച്ചത്.

ബിൽക്കീസ് ​​ബാനു കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളെ എബിവിപി മഹത്വവൽക്കരിക്കുകയാണെന്ന് തയ്യബ ആരോപിച്ചു. കൂടാതെ ജെഎൻയു പ്രൊഫസർ ഉൾപ്പെട്ട 2018ലെ ലൈംഗിക പീഡന കേസും അവർ പരാമർശിച്ചു. 'ബിൽക്കീസ് ​​ബാനുവിനെ ബലാത്സംഗം ചെയ്തതിൽ ശിക്ഷിക്കപ്പെട്ടവരെ മാല ചാർത്തുന്നവരാണ് ഇവർ. പീഡനക്കേസിൽ കുറ്റാരോപിതനായ ഒരാളോടൊപ്പം അവർ ചുറ്റിനടക്കുന്നു'- തയ്യബ പറഞ്ഞു. എബിവിപിയെ 'അഖിൽ ഭാരതീയ പീഡന പരിഷത്ത്' എന്നും അവർ വിശേഷിപ്പിച്ചു.

ഐസ- ഡിഎസ്എഫ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ നിതീഷ് കുമാറാണ് തുടർന്ന് സംസാരിക്കാനെത്തിയത്. പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചാണ് നിതീഷ് തന്റെ പ്രസം​ഗം തുടങ്ങിയത്. തുടർന്ന്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച നിതീഷ്, സാമുദായിക നേട്ടത്തിനായി ഇത്തരം ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബിജെപി ഈ സംഭവം വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിച്ചാൽ ജെഎൻയു ചെറുക്കുമെന്നും വർ​ഗീയവാദികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി.

നീതിക്കായുള്ള ആഗോള പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച എൻ‌എസ്‌യു‌ഐ സ്ഥാനാർഥി പ്രദീപ് ധാക്ക, അടിച്ചമർത്തപ്പെട്ട ഫലസ്തീൻ, യമൻ ഉൾപ്പെടെയുള്ള നാടുകളിലെ ജനതയെയും ചൈനയിലെ ഉയ്ഗൂർ മുസ്‌ലിംകളെയും‌ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുകയും ചെയ്തു. പഹൽഗാം ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ഈ രാജ്യം നാഗ്പൂരിലെ പൊളിറ്റ് ബ്യൂറോയെയല്ല, ഭരണഘടനയെയാണ് ആശ്രയിക്കുന്നതെന്നും ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തി അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്ഐയും ഐസയും തമ്മിൽ വർഷങ്ങളായി തുടർന്നുവന്നിരുന്ന സഖ്യം അവസാനിപ്പിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സംഘടനകളും പിരിയുകയും ഐസ ഡിഎസ്എഫുമായി കൈകൈകോർക്കുകയും ചെയ്തിരുന്നു. തുടർന്ന്, ബാപ്സ, എഐഎസ്എഫ്, പിഎസ്എ എന്നീ സംഘടനകളെ ഒപ്പം ചേർത്ത് ഇടത്- അംബേദ്കറൈറ്റ് മുന്നണി ഉണ്ടാക്കിയാണ് എസ്എഫ്ഐ മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഏപ്രിൽ 28നാണ് പുറത്തുവരിക. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News