ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി
പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ സ്വീകരണം
ദുബൈ /ന്യൂഡൽഹി: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം ഇന്ത്യയിലെത്തി. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
രണ്ടാം ദിവസം ശൈഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇന്ത്യയിലെയും, യു.എ.ഇയിലെയും ബിസിനസ് പ്രമുഖരുമായി അദ്ദേഹം മുംബൈയിൽ കൂടിക്കാഴ്ച നടത്തും. വിവിധതലങ്ങളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്. തന്ത്രപ്രധാനമേഖലകളിൽ ഇരുരാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്ന കരാറുകളിലേക്ക് സന്ദർശനം വഴി തുറന്നേക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവർഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‌യാൻ വൈബ്രന്റ് ഗുജറാത്ത് പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽനഹ്‌യാനും ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടർച്ചയാണ് ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനം.