ബാങ്കിൽ അടയ്ക്കാനായി മാറ്റിവച്ച 1.5 കോടിയുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവര്‍ മുങ്ങി; പിടിയിൽ

ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവറായി കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്

Update: 2025-05-14 09:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: ബാങ്കിൽ അടയ്ക്കാനായി കാറിൽ സൂക്ഷിക്കാൻ തൊഴിലുടമ നൽകിയ 1.5 കോടി രൂപയുമായി മുങ്ങിയ ബെംഗളൂരു ഡ്രൈവര്‍ അറസ്റ്റിൽ. വടക്കൻ ബെംഗളൂരുവിലെ വയലിക്കാവൽ നിവാസിയായ രാജേഷ് ബിഎൻ(45) ആണ് പിടിയിലായത്. കോദണ്ഡരാമപുരയിൽ താമസിക്കുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഡ്രൈവറായി കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.

മേയ് 5 ന് 1.51 കോടി രൂപ അടങ്ങിയ ഒരു ബാഗ് രാജേഷിന് നൽകിയതായും അത് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതിനാൽ കാറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറഞ്ഞു. കുറച്ചുകഴിഞ്ഞ് ബാങ്കിലേക്ക് പോകാൻ ചാർട്ടേഡ് അക്കൗണ്ടന്‍റ് എത്തിയപ്പോൾ രാജേഷിനെയും കാറിനെയും കണ്ടില്ല. "ഞാൻ വേഗം എന്‍റെ ഓഫീസിലേക്ക് പോയി. അപ്പോഴാണ് എന്‍റെ കാർ അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടത്. രാജേഷിനെ വിളിച്ചപ്പോൾ, ഒരു കടയിൽ നിന്ന് മരുന്ന് വാങ്ങുകയാണെന്നും 10 മിനിറ്റിനുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. എന്നാൽ അയാൾ തിരിച്ചെത്തിയില്ല" പരാതിക്കാരൻ പൊലീസിനോട് വ്യക്തമാക്കി.

ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. മേയ് 9 ന് പ്രതി പൊലീസിന് മുന്നിൽ ഹാജരായി കുറ്റം സമ്മതിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അയാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ രാജേഷ് വീട്ടിലേക്കായി ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചതായും ഒരു ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ ആയിരക്കണക്കിന് രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.സംഭാവന ചെയ്ത പണം തിരികെ ലഭിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News