ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്
ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു
റായ്പൂര്‍: ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തു. കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള നഴ്സിങ് കോളജ് പ്രിന്‍സിപ്പലായ ബിന്‍സിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു.
ഏപ്രിൽ 2 ന് വിദ്യാർഥി കലക്ടർക്കും ജാഷ്പൂർ എസ്എസ്പിക്കും പരാതി നൽകിയിരുന്നു. മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് പീഡനം നേരിടേണ്ടി വന്നതായി വിദ്യാർഥിനി പറയുന്നു. എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സിസ്റ്റർ ബിൻസി കാത്തലിക് കണക്റ്റിന് നൽകിനോട് വ്യക്തമാക്കി. കത്തോലിക്കാ സഭയിൽ ചേരാനും കന്യാസ്ത്രീയാകാനും തന്നോട് ആവശ്യപ്പെട്ടു എന്ന വിദ്യാർഥിനിയുടെ ആരോപണവും അവർ നിഷേധിച്ചു. വിദ്യാര്‍ഥിനി ജനറൽ നഴ്സിങ് അവസാന വര്‍ഷ ട്രയിനി ആണെന്നും അവരുടെ റെഗുലര്‍ ക്ലാസുകൾ അവസാനിച്ചതാണെന്നും ബിൻസി പറയുന്നു. ജനുവരി 1 മുതൽ വിദ്യാര്‍ഥിന് ആശുപത്രി ഡ്യൂട്ടികളിൽ നിന്നും വിട്ടുനിന്നിരുന്നു. അവസാന തിയറി പരീക്ഷക്ക് മാത്രമാണ് ഹാജരായത്. പ്രാക്ടിക്കൽ അസസ്മെന്‍റുകൾ ഒഴിവാക്കിയിരുന്നു.
ഡിസംബര്‍, ജനുവരി മാസങ്ങളിൽ വിദ്യാര്‍ഥിനി ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിൻസി മാതാപിതാക്കളുമായി എത്താൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥി ഇത് അനുസരിച്ചില്ല. രണ്ട് ദിവസം മുമ്പ് വിദ്യാർഥിനി കോളേജ് സന്ദർശിച്ചപ്പോൾ നിർബന്ധിത ആശുപത്രി പരിശീലനം പൂർത്തിയാക്കാൻ നിർദ്ദേശിച്ചതായും സിസ്റ്റർ ബിൻസി പറഞ്ഞു. ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പരീക്ഷ എഴുതാനോ വാർഡ് ഡ്യൂട്ടിയിൽ പങ്കെടുക്കാനോ വിസമ്മതിച്ചു.കോഴ്‌സ് പൂർത്തിയാക്കിയതിന്‍റ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തിയറിയിലും പ്രാക്ടിക്കലിലും കുറഞ്ഞത് 80% ഹാജർ വേണമെന്ന ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നിയമങ്ങൾ കോളേജ് പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഊന്നിപ്പറഞ്ഞു.എന്നാൽ ഇതൊന്നും വിദ്യാര്‍ഥിനി പാലിച്ചിരുന്നില്ല.
എന്നിരുന്നാലും, തിയറി പരീക്ഷ എഴുതാൻ അനുവാദം ലഭിച്ചെങ്കിലും മറ്റ് കാര്യങ്ങളിൽ വീഴ്ച വരുത്തിയതിനാൽ സര്‍ട്ടിഫിക്കറ്റിൽ ഒപ്പിടാൻ പ്രിന്‍സിപ്പൽ വിസമ്മതിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും തന്നെ ഇടയ്ക്കിടെ വിളിച്ചിരുന്നുവെന്ന വിദ്യാർഥിയുടെ അമ്മയുടെ വാദത്തെ എതിർത്ത സിസ്റ്റർ ബിൻസി, ഗുരുതരമായ പ്രശ്‌നങ്ങൾക്കായി രണ്ടുതവണ മാത്രമേ വിളിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കി. മതപരിവര്‍ത്തന ആരോപണത്തിനിടെ കലക്ടറെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ കോളജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർഥിനിയുടെ ആരോപണങ്ങൾ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനും സ്വന്തം അക്കാദമിക് പോരായ്മകൾ മറയ്ക്കാനുമുള്ള ഒരു മനഃപൂർവമായ ശ്രമമാണെന്ന് കോളജ് ചൂണ്ടിക്കാട്ടി.