ഷിന്‍ഡേക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കമ്രയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ മുംബൈ പൊലീസ് ചെന്നൈയിലേക്ക് പോകണമെന്നും കോടതി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ചതിന്റെ പേരിൽ ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബെ ഹൈകോടതി. കമ്രയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ കമ്ര നിലവിൽ താമസിക്കുന്ന ചെന്നൈയിൽ പോയി പൊലീസ് മൊഴിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുംബൈ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടത്തിയ ഷോക്കിടെ ഏക്‌നാഥ് ഷിന്‍ഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് കമ്രക്കെതിരെ ഉയര്‍ന്ന ആരോപണം.'ദില്‍ തോ പാഗല്‍ ഹേ' എന്ന് ബോളിവുഡ് സിനിമയിലെ പാട്ടിന്‌റെ വരികള്‍ പാരഡിയായി പാടിയതാണ് കമ്രക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമായത്. ഷിന്‍ഡെയുടെ പേരെടുത്ത് പറയാതെയാണ് വഞ്ചകനെന്ന് കമ്ര പരിഹസിച്ചത്. കമ്രയ്‌ക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തതില്‍ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ഇതേ തുടര്‍ന്ന് കമ്ര മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മറ്റു ചില നേതാക്കളും ആവശ്യപ്പെട്ടെങ്കിലും നേതാക്കളെയും രാഷ്ട്രീയ സംവിധാനത്തേയും പരിഹസിക്കുന്നത് നിയമ വിരുദ്ധമല്ലെന്നും അതിനാല്‍ കോടതി പറഞ്ഞാല്‍ മാത്രമേ മാപ്പ് പറയുകയുള്ളുവെന്നും കമ്ര തുറന്നടിച്ചിരുന്നു. അതിന് പിന്നാലെ ശിവസേന പ്രവര്‍ത്തകര്‍ ഹാസ്യ പരിപാടി നടന്ന് ഹോട്ടൽ അടിച്ചു തകർത്തിരുന്നു.