ജാതി കണക്കെടുപ്പ്: മോദി സർക്കാരിന്റെ യൂ- ടേണിന് പിന്നിലെന്ത്?
ജാതി കണക്കെടുപ്പ് സമൂഹത്തെ ഭിന്നിപ്പിക്കുമെന്നായിരുന്നു ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ നേരത്തെയുള്ള നിലപാട്.
ന്യൂഡൽഹി: പ്രതിപക്ഷത്തെയും രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ജാതി കണക്കെടുപ്പ്. പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ ശക്തമായ സമ്മർദം ജാതി കണക്കെടുപ്പ് വിഷയത്തിൽ കേന്ദ്രത്തിന്റെ മനംമാറ്റത്തിന് കാരണമായിട്ടുണ്ട് എന്ന് ഉറപ്പാണ്. എന്നാൽ മോദി സർക്കാരിന്റെ മാസ്റ്റർ സ്‌ട്രോക്ക് ആയാണ് ബിജെപി നേതൃത്വം ജാതി കണക്കെടുപ്പ് നടത്താനുള്ള തീരുമാനത്തെ വിശേഷിപ്പിക്കുന്നത്.
ജാതി കണക്കെടുപ്പിനെ ശക്തമായി എതിർത്തിരുന്ന ബിജെപി നേതൃത്വത്തിന്റെ യൂ-ടേൺ അപ്രതീക്ഷിത നീക്കമായിരുന്നു. ജാതി കണക്കെടുപ്പ് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണ് എന്നായിരുന്നു ബിജെപി-ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്. ജാതി കണക്കെടുപ്പ് നടത്താനുള്ള തീരുമാനത്തിലൂടെ ഈ നിലപാട് കൂടിയാണ് തിരുത്തപ്പെടുന്നത്.
അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി കണക്കെടുപ്പ് നടത്തുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലുള്ള മൂന്നിൽ രണ്ട് സംസ്ഥാനങ്ങളിലും ജാതി കണക്കെടുപ്പ് നടത്തിയ കോൺഗ്രസ് തങ്ങളുടേത് വെറും വാഗ്ദാനം മാത്രമല്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിന് സുപ്രിംകോടതി നിർദേശിച്ച 50 ശതമാനം പരിധി ഉയർത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
നിലവിൽ ഒബിസി സംവരണം 27 ശതമാനമാണ്. സംവരണ പരിധി ഉയർത്തുന്നത് ഒബിസി വിഭാഗക്കാർക്കാണ് പ്രധാനമായും ഗുണം ചെയ്യുക. സാമൂഹിക നീതിയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഉയർത്തിക്കാട്ടുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ബിജെപി സ്വാധീനം കുറയ്ക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ജാതി കണക്കെടുപ്പിനെ എതിർക്കുമ്പോൾ തന്നെ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കാൻ വർഷങ്ങളായി ബിജെപിക്ക് കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ഒബിസി വിഭാഗക്കാരാണ് എന്നാണ് ബിജെപി അവകാശപ്പെടാറുള്ളത്. എന്നാൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 400 സീറ്റ് നേടുമെന്നായിരുന്നു മോദിയും അമിത് ഷായും അവകാശപ്പെട്ടിരുന്നതെങ്കിലും 300 സീറ്റ് കടക്കാൻ പോലും എൻഡിഎക്ക് കഴിഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഹിന്ദു അപ്പർ-ഒബിസി പിന്തുണയുടെ നാല് ശതമാനം നഷ്ടപ്പെട്ടപ്പോൾ ഇൻഡ്യാ സഖ്യത്തിന് അപ്പർ-ഒബിസി വിഭാഗത്തിന്റെ പിന്തുണ 11 ശതമാനം വർധിക്കുകയും ലോവർ-ഒബിസി വിഭാഗത്തിൽ നിന്ന് ഏഴ് ശതമാനം പിന്തുണയും ലഭിച്ചുവെന്നാണ് സിഎസ്ഡിഎസ് കണക്കുകൾ പറയുന്നത്.
പിന്നാക്ക വിഭാഗങ്ങളുടെ മനംമാറ്റം ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ബിഹാറിൽ 40 സീറ്റുകളിൽ 30 എണ്ണമാണ് എൻഡിഎ വിജയിച്ചത്. 2019നെ അപേക്ഷിച്ച് ഒമ്പത് സീറ്റുകൾ കുറവാണ് ഇത്. എൻഡിഎ്ക്ക് കുർമി-കൊയേരി പിന്തുണയിൽ 12 ശതമാനം ഇടിവും മറ്റ്-ഒബിസി വോട്ടുകളിൽ നാടകീയമായ 24 ശതമാനം ഇടിവും രേഖപ്പെടുത്തിയപ്പോൾ, ഇൻഡ്യാ സഖ്യം യഥാക്രമം ഒമ്പത് സീറ്റുകൾ നേടുകയും വോട്ട് വിഹിതം ഒരു ശതമാനം വർധിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിലാണ് ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടത്. 80 സീറ്റിൽ 36 എണ്ണം മാത്രമാണ് എൻഡിഎക്ക് നേടാനായത്. 2019നെ അപേക്ഷിച്ച് 28 സീറ്റുകൾ നഷ്ടപ്പെട്ടു. അഖിലേഷ് യാദവിന്റെ പിച്ചാഡെ (പിടിഎ എന്നും അറിയപ്പെടുന്നു) ദലിത്, ആൽപ്‌സാംഖ്യക് (ന്യൂനപക്ഷങ്ങൾ) ഫോർമുലയാണ് ഹിന്ദുത്വത്തെ മറികടന്നത്. പിന്നാക്ക വിഭാഗക്കാരുടെ പിന്തുണ എൻഡിഎക്ക് നഷ്ടപ്പെട്ടത് കൂടുതൽ ശ്രദ്ധേയമായിരുന്നു: കുർമി-കൊയേരിയിൽ 19 ശതമാനവും മറ്റു ഒബിസികളിൽ 13 ശതമാനവും വോട്ട് ബിജെപിക്ക് കുറഞ്ഞിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ ജാതി എന്നും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 55 ശതമാനം വോട്ടർമാരും സ്വന്തം ജാതിയിൽപ്പെട്ട നേതാക്കളെയാണ് ഇഷ്ടപ്പെടുന്നത് എന്നാണ് 2018ൽ അസിം പ്രേംജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിതീഷ് കുമാറിന്റെ ആരോഗ്യനിലയും 20 വർഷമായി തുടരുന്ന ഭരണത്തിലുള്ള വിരുദ്ധ വികാരവും തിരിച്ചടിയാകുമോ എന്ന ഭയം ബിജെപിക്കുണ്ട്. മുസ്‌ലിംകൾക്കും യാദവർക്കും പുറത്തേക്ക് വോട്ട് ബാങ്ക് വികസിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കവും ബിജെപിക്ക് വെല്ലുവിളിയാണ്.
2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ എൻഡിഎ ക്യാമ്പിൽ നിൽക്കുമ്പോൾ തന്നെ സഖ്യത്തിന് ഒബിസി/ഇബിസി പിന്തുണയുടെ 10 ശതമാനം നഷ്ടപ്പെട്ടിരുന്നു, അതേസമയം മഹാഗണബന്ധൻ ഏഴ് ശതമാനം നേടി. ആ തിരഞ്ഞെടുപ്പിൽ ഇരു സഖ്യങ്ങളും ഏകദേശം 37 ശതമാനം വോട്ട് ആണ് നേടിയത്. ബിഹാറിൽ, നിതീഷ് കുമാർ ഇതിനകം തന്നെ ഒരു ജാതി സർവേ നടത്തിയിട്ടുണ്ട്. മഹാഗണബന്ധനും എൻഡിഎയും തമ്മിൽ ഇതിന്റെ ക്രെഡിറ്റ് സംബന്ധിച്ച് തർക്കം നടക്കുന്നുണ്ട്. മഹാഗണബന്ധൻ ഒരു പടി കൂടി മുന്നോട്ട് പോയി, സുപ്രിംകോടതി നിഷ്‌കർഷിച്ച് 50 ശതമാനം സംവരണ പരിധി മറികടക്കാൻ നിയമ നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിഹാറിൽ നിതീഷ് കുമാറിന്റെ സർക്കാർ സംവരണ പരിധി 65 ശതമാനമായി ഉയർത്തിയിരുന്നു, എന്നാൽ കോടതി ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബിഹാറിലെ ജാതി രാഷ്ട്രീയത്തിന്റെ ഗതി അറിയുന്ന നിതീഷ് കുമാർ ഈ നീക്കങ്ങൾ നടത്തുമ്പോൾ ബിജെപി നേതൃത്വം ഒന്നും പ്രതികരിച്ചിരുന്നില്ല.
2027-ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയിൽ, അഖിലേഷ് യാദവിന്റെ പിഡിഎ ഫോർമുലയെ ബിജെപിക്ക് മറികടക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും ജനപിന്തുണ കുറയുന്നതിനെ ബിജെപി കരുതലോടെയാണ് കാണുന്നത്. ജാതവേതര വോട്ടുകൾ ശേഖരിക്കുന്നതിൽ സമാജ്‌വാദി പാർട്ടി ബിജെപിയെക്കാൾ ഒരുപടി മുന്നിലാണ്. ബിഎസ്പിയുടെ വോട്ട് ബാങ്കിൽ കൂടി എസ്പി കടന്നുകയറിയാൽ ബിജെപിക്ക് വലിയ തിരിച്ചടിയാവും അത് സൃഷ്ടിക്കുക.