ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണം; സുതാര്യത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെര.കമ്മീഷൻ
പിന്‍ വാതിലിലൂടെ എൻആർസി നടപ്പിലാക്കാനാണ് കമ്മീഷന്റെ നീക്കമെന്നും നേതാക്കൾ
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും നീക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നോട്ട് നിരോധനം പോലെ ബിഹാറിൽ വോട്ട് നിരോധനമാണ് നടക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.
ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 2003ന് ശേഷം ജനിച്ചവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ മൂന്നാഴ്ചക്കുള്ളിൽ നൽകണമെന്ന് നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാലു കോടിയിൽ അധികം വരുന്ന ജനങ്ങൾ മൂന്നാഴ്ച കൊണ്ട് രേഖകൾ കൃത്യമായി നൽകാൻ സാധിക്കുമോ എന്ന പ്രതിപക്ഷത്തിന് ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രതികരിച്ചില്ലെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിഹാറിൽ പിൻ വാതിലിലൂടെ എൻആർസി നടപ്പിലാക്കാനാണ് കമ്മീഷന്റെ നീക്കമെന്നും നേതാക്കൾ ആരോപിക്കുന്നു.
2003 ലാണ് ബിഹാറിൽ വോട്ടർ പട്ടിക അവസാനമായി സമൂല പരിഷ്ക്കരണം നടത്തിയത് . അന്ന് പട്ടികയിൽ ഉൾപെടാത്തവരെ പുറത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നു. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവരാണെങ്കിൽ രക്ഷിതാവിന്റെ ജനന തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ ഹാജരാകണമെന്ന നിർദേശമാണ് കമ്മീഷൻ മുന്നോട്ടുവയ്ക്കുന്നത്. ബിഹാറിൽ നിലവിലുള്ള വോട്ടർ പട്ടിക പ്രകാരമുള്ള 7.89 കോടി വോട്ടർ മാരിൽ നാലു കോടി 96 ലക്ഷം വോട്ടർമാരുടെ രേഖ പരിശോധിക്കില്ല . എന്നാൽ 37 ശതമാനം വരുന്ന 2 കോടി 93 ലക്ഷം പേര്,വോട്ടർ പട്ടികയിൽ തുടരണമെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. 2004 നു ശേഷം ജനിച്ചവരെയാണ് നടപടി കൂടുതൽ ബാധിക്കുക. ഈ നടപടി ചോദ്യം ചെയ്താണ് പ്രതിപക്ഷം കമ്മീഷന് മുന്നിൽ എത്തിയത്.