പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് മുസ്‌ലിംകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു; എപിസിആര്‍ റിപ്പോര്‍ട്ട് ഇങ്ങനെ...

കൊലപാതകം, ഭീഷണിപ്പെടുത്തൽ, ആക്രമണങ്ങൾ, അടിച്ചുതകർക്കൽ എന്നിവയാണ് മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടന്നതെന്നും പൗരാവകാശ സംഘടനയായ എപിസിആർ ചൂണ്ടിക്കാണിക്കുന്നു

Update: 2025-04-27 05:45 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത്  മുസ്‌ലിംകൾക്കെതിരായ അക്രമസംഭവങ്ങൾ വർധിക്കുന്നു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്(എപിസിആര്‍) എന്ന പൗരാവകാശ സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലുടനീളം കുറഞ്ഞത് ഇരുപത് 'വിദ്വേഷ കുറ്റകൃത്യങ്ങളാണ് നടന്നത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, ആക്രമണങ്ങള്‍, അടിച്ചുതകര്‍ക്കലുള്‍പ്പെടെയുള്ള നശീകരണപ്രവൃത്തികള്‍ എന്നിവയാണ് മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടന്നതെന്നും എപിസിആര്‍ ചൂണ്ടിക്കാണിക്കുന്നു. 

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ മുസ്‌ലിംകൾക്കു നേരെ നടന്ന 20 അക്രമ സംഭവങ്ങള്‍ ഇങ്ങനെ; 

1. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കൊലപാതകം നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്. 'ക്ഷത്രിയ ഗോ രക്ഷാദൾ അംഗങ്ങൾ' യുവാവിനെ കൊലപ്പെടുത്തുകയും ബന്ധുവിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. 

2. കര്‍ണാടകയിലെ ബംഗളൂരുവിലാണ് മറ്റൊരു അക്രമം. പഹൽഗാമിനെക്കുറിച്ച് ചർച്ച ചെയ്യാനും ഗായത്രി മന്ത്രം ചൊല്ലാനും വിസമ്മതിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനെ സഹപ്രവർത്തകർ ചേര്‍ന്ന് മര്‍ദിച്ചു

3. ചണ്ഡീഗഡില്‍ കശ്മീരി വിദ്യാർത്ഥിനികളെ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. താമസിക്കുന്ന ഇടത്ത് വെച്ചും അവര്‍ ഉപദ്രവത്തിനിരയായി. തീവ്രവാദികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. 

04. കശ്മീരി സ്ത്രീകളെ ക്യാബ് ഡ്രൈവർ ആക്രമിച്ച സംഭവവും ചണ്ഡീഗഡിലാണ് നടന്നത്.

05. ചണ്ഡീഗഡിലെ യൂണിവേഴ്സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ ഹോസ്റ്റലില്‍ വെച്ച് കശ്മീരി വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡന്‍ അക്രമത്തില്‍ ഇടപെട്ടില്ല.

06. ഹിമാചല്‍പ്രദേശിലെ കാന്‍ഗ്രയിലും കശ്മീരി വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ മര്‍ദനത്തിനിരയായി. അവരുടെ റൂമുകള്‍ തല്ലിത്തകര്‍ത്തു. 

07. ഹരിയാനയിലെ അംബാലയിലാണ് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ ഒരു കട തല്ലിത്തകര്‍ത്തത്. കടയിലെ ജോലിക്കാരെ മര്‍ദിച്ചു.

08. ഹരിയാനയില്‍ തന്നെയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ മര്‍ദിക്കുകയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തത്.

09. കൊൽക്കത്തയിലെ കസ്തൂരി ദാസ് മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

10. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കരകൗശല വിദഗ്ധരായ രണ്ട് യുവാക്കളെ ക്ഷേത്ര നിർമ്മാണ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

11. ഫലസ്തീനിൽ ഇസ്രായേൽ കാട്ടിക്കൂട്ടിയ നടപടികള്‍ കശ്മീരിലും ആവർത്തിക്കണമെന്നുള്ള ഹിന്ദുത്വ നേതാവ് പ്രസംഗിച്ചത് മധ്യപ്രപദേശിലെ ദോഡ ഭാദെർവയില്‍.

12. പഹൽ‌ഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ കേസ്

13. പഹൽഗാം ഭീകരാക്രമണം സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണത്തിന് അസമിലെ എഐയുഡിഎഫ് എംഎൽഎ അമിനുൽ ഇസ്ലാമിലെ പൊലീസ് അറസ്റ്റ് ചെയ്തു.

14. നായ്ക്കളെയും മുസ്‍ലിംകളെയും അനുവദിക്കില്ലെന്ന് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് പശ്ചിമബംഗാളിലെ ബിദാൻ ചന്ദ്ര കാർഷിക സർവകലാശാലയില്‍ 

15. ഹിന്ദുത്വ സംഘടനകളുടെ അക്രമം ഭയന്ന് ഉത്തരാഖണ്ഡിലെ ചില കോളജുകളില്‍ നിന്ന് കശ്മീരി വിദ്യാർത്ഥികൾ മടങ്ങിപ്പോയി

16. കശ്മീരി യുവാക്കള്‍ ഉത്തരാഖണ്ഡ് വിട്ടുപോകണമെന്നും അല്ലെങ്കിൽ അക്രമിക്കുമെന്നുമുള്ള ഹിന്ദു രക്ഷാ ദളിന്റെ മുന്നറിയിപ്പും ഉത്തരാഖണ്ഡില്‍ നിന്നാണ്.

17. കശ്മീരിലെ യുവാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഹരിയനയിലെ ഖരാറിലാണ് നടന്നത്.

18. ഹിന്ദുത്വ സംഘടനകളുടെ ആക്രമണ സാധ്യത മുന്നില്‍കണ്ട് നിരവധി കശ്മീരി വിദ്യാർത്ഥികളോടും ജീവനക്കാരോടും താമസസ്ഥലങ്ങൾ ഒഴിയാൻ ആവശ്യപ്പെത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ താമസസ്ഥലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു.

19. രാജസ്ഥാനിലെ ജയ്പൂരില്‍ പഹൽഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ റാലി അക്രമാസക്തമാകുകയും പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു

20. കശ്മീരി വിദ്യാർത്ഥികളെ മറ്റ് വിദ്യാർത്ഥികൾ ചേര്‍ന്ന് അക്രമിച്ചത് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News