'പഹൽഗാം ആക്രമണം നടക്കുമ്പോൾ കാവൽക്കാരൻ എവിടെയായിരുന്നു?'; കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്
ആക്രമണം ഉണ്ടായപ്പോൾ തന്റെ ഉത്തരവാദിത്തം നിറവേറ്റാതെ കാവൽക്കാരൻ എവിടെപ്പോയെന്ന് ആരും ചോദിക്കുന്നില്ലെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ചോദ്യം ചെയ്യപ്പെടാത്തത് എന്തുകൊണ്ടെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. സിന്ധു നദീജല കരാർ റദ്ദാക്കിയതുകൊണ്ട് പാകിസ്താനിലേക്കുള്ള വെള്ളം തടഞ്ഞുനിർത്താനുള്ള ഒരു സംവിധാനവും നമുക്കില്ലെന്നും സ്വാമി പറഞ്ഞു.
നമ്മുടെ വീടുകളിൽ എന്തെങ്കിലും സംഭവം നടന്നാൽ ആദ്യം ചോദിക്കുക ആരോടായിരിക്കും? നമ്മൾ അവിടത്തെ കാവൽക്കാരനെ ആയിരിക്കും പിടിക്കുക. നീ എവിടെയായിരുന്നു? നീ ഇവിടെയുണ്ടായിട്ടും എങ്ങനെയാണ് ഇത് സംഭവിച്ചത്? നിന്നെ എന്തിനാണ് ഇവിടെ വെച്ചിട്ടുള്ളത്? എന്നെല്ലാം നമ്മൾ ചോദിക്കും.
പക്ഷേ ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്. അവർ പറയുന്നു തങ്ങൾ കാവൽക്കാരാണെന്ന്. കാവൽക്കാരൻ തന്റെ ജോലി നന്നായി ചെയ്തിരുന്നെങ്കിൽ ആ തീവ്രവാദികളെ ആക്രമിച്ചു കൊലപ്പെടുത്താമായിരുന്നു. തന്റെ ഉത്തരവാദിത്തം നിറവേറ്റാതെ കാവൽക്കാരൻ എവിടെപ്പോയി? ഇവിടെ ഒന്നും അറിഞ്ഞതുമില്ല, അക്രമികളോട് ആരും ഏറ്റുമുട്ടിയതുമില്ല. അവർ വന്നു ആക്രമണം നടത്തി, സുഖമായി തിരിച്ചുപോയി. അവർക്ക് ഒരു തടസ്സവും നേരിട്ടില്ല. അപ്പോൾ കാവൽക്കാരൻ എവിടെയായിരുന്നു എന്ന് ആരും ചോദിക്കുന്നില്ല.
ഇപ്പോൾ പറയുന്നു അവരെ ഞങ്ങൾ പാഠം പഠിപ്പിക്കും, അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ. പാകിസ്താനിൽ നിന്നാണ് അവർ വന്നത് എന്നാണ് പറയുന്നത്. അത് എങ്ങനെയാണ് ഇത്ര പെട്ടെന്ന് നിങ്ങൾക്ക് മനസ്സിലായത്. ഇത്ര പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞെങ്കിൽ ആക്രമണത്തിന് മുമ്പ് എന്തുകൊണ്ടാണ് അത് കണ്ടെത്താൻ കഴിയാതിരുന്നത്?
പാകിസ്താനിൽ നിന്നാണ് അവർ വന്നതെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സിന്ധു നദിയിലെ വെള്ളം തടയുമെന്നാണ് ഇപ്പോൾ പറയുന്നത്. വെള്ളം തടഞ്ഞുവെക്കാനോ അത് വഴിതിരിച്ചു വിടാനോ ഉള്ള എന്ത് സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്? നിലവിൽ അങ്ങനെയൊരു ഉപാധിയും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ ഒരു ഡാമിന്റെ പണി തുടങ്ങി ഒരു ദിവസം പോലും മുടങ്ങാതെ പണി നടന്നാൽ പോലും പണി പൂർത്തിയാകാൻ 20 വർഷം കഴിയും. അപ്പോഴാണ് പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന പറയുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു.