മുസ്ലിം കച്ചവടക്കാർക്ക് നേരെ അധിക്ഷേപവും അക്രമവും; ഒൻപത് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
സൗരഭ് മിശ്ര എന്ന കച്ചവടക്കാരനാണ് പരാതി നൽകിയത്
മുംബൈ: മുംബൈയിൽ മുസ്ലിം കച്ചവടക്കാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതിന് ഒൻപത് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ദാദർ മാർക്കറ്റ് ഏരിയയിലാണ് സംഭവം. സൗരഭ് മിശ്ര എന്ന കച്ചവടക്കാരനാണ് പരാതി നൽകിയത്. മാഹിം അസംബ്ലി പ്രസിഡന്റ് അക്ഷത തെണ്ടുൽക്കർ ഉൾപ്പെടെ എട്ട് പേർക്കെതിരെ ശിവാജി പാർക്ക് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതർ ദാദർ മാർക്കറ്റ് പ്രദേശത്തെത്തി തൊഴിലാളികളോട് മുസ്ലിങ്ങളാണോ എന്ന് ചോദിച്ചതായി പരാതിയിൽ പറയുന്നു. പ്രദേശത്തെ മുസ്ലിം തൊഴിലാളികളിൽ ഒരാളെ സംഘം ആക്രമിച്ചതായും ആരോപണം ഉണ്ട്.
"അവർ എന്റെ ജോലിക്കാരനായ സോഫിയാൻ ഷാഹിദ് അലിയോട് പേര് ചോദിച്ചു. തുടർന്ന് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. അലി സ്ഥലത്തുനിന്ന് ഓടിപ്പോയപ്പോൾ, അവർ അവനെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു," സൗരഭ് മിശ്ര നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, പ്രദേശത്ത് ബംഗ്ലാദേശിൽ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്ന് നേരത്തെ അക്ഷത തെണ്ടുൽക്കർ ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്ത് പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന നിരവധി കുടിയേറ്റക്കാർ ഉണ്ടെന്നും, പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അക്ഷത പറഞ്ഞിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.