പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മു​ഗൾ ഭരണവും ഡൽഹി സുൽത്താനേറ്റും വെട്ടി എൻസിഇആർടി

പഴയ ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകം എഡി ഏഴാം നൂറ്റാണ്ടു മുതലാണ് ആരംഭിക്കുന്നത്. പുതിയ പുസ്തകത്തിൽ ബിസിഇ 1900 മുതൽ ബിസിഇ 300 വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സംസ്‌കൃത പദങ്ങളും പുതുതായി ചേർത്തിട്ടുണ്ട്.

Update: 2025-04-27 16:52 GMT
Advertising

ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ഭരണത്തെക്കുറിച്ചും ഡൽഹി സുൽത്താൻമാരെ കുറിച്ചുമുള്ള ഭാഗങ്ങൾ ഒഴിവാക്കി. കഴിഞ്ഞ വർഷം വരെയുണ്ടായിരുന്ന ഈ ഭാഗങ്ങൾ ഉൾപ്പെട്ട പാഠഭാഗത്തിനു പകരം പുരാതന ഇന്ത്യൻ രാജവംശങ്ങളായ മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയവയാണ് പുതുതായി ചേർത്തത്.

മുമ്പ് മൂന്നു വ്യത്യസ്ത പുസ്തകങ്ങളായിരുന്ന ചരിത്രം, ഭൂമി ശാസ്ത്രം, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം എന്നിവ ചുരുക്കി ഒരു പുസ്തകമായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി - ഇന്ത്യ ആന്റ് ദ ബിയോണ്ട്' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോൾ പുറത്തിറക്കിയത്.

അഞ്ച് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയും ലോകവും, ഭൂമിയും ജനങ്ങളും, ഭൂതകാലത്തിന്റെ ചിത്രപ്പണികൾ, ഭരണവും ജനാധിപത്യവും എന്നിവയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ.

പഴയ ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകം എഡി ഏഴാം നൂറ്റാണ്ടു മുതലാണ് ആരംഭിക്കുന്നത്. പുതിയ പുസ്തകത്തിൽ ബിസിഇ 1900 മുതൽ ബിസിഇ 300 വരെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സംസ്‌കൃത പദങ്ങളും പുതുതായി ചേർത്തിട്ടുണ്ട്.

പേർഷ്യൻ ചരിത്രകാരനായ മിൻഹാജ് - ഇ - സിറാജ്, മുഗൾ ചക്രവർത്തി ബാബർ, 'ഹിന്ദുസ്ഥാൻ' 'ഹിന്ദ്' എന്നീ പദങ്ങളുപയോഗിച്ച പതിനാലാം നൂറ്റാണ്ടിലെ കവിയെക്കുറിച്ചുമുള്ള പരാമർശങ്ങൾ ഒഴിവാക്കി പകരം ഭാരതം, ഇന്ത്യ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. വർണ ജാതി സമ്പ്രദായങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.

ഗുപ്ത സാമ്രാജ്യത്തിലവസാനിക്കുന്ന പുതിയ പാഠപുസ്തകത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയത്. ഏഴാം ക്ലാസ് പാഠപുസ്തകത്തിന്റെ ആദ്യ പകുതിയിൽ മുഗൾ ഭരണത്തേക്കുറിച്ചോ ഡൽഹി സുൽത്താന്മാരെക്കുറിച്ചോ അറിയാൻ വഴികളില്ല. രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News