പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 15 പേര്‍ മരിച്ചു
മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്
അമൃത്സര്‍: പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം. അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. 10 പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
അമൃത്സർ ഡിസി സാക്ഷി സാഹ്നി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ''ഞായറാഴ്ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരിൽ ചിലർ തിങ്കളാഴ്ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്കരിച്ചു. ചിലര്‍ യഥാര്‍ഥ കാരണം മറച്ചുവച്ചുകൊണ്ട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചത്'' മജിത എസ്എച്ച്ഒ ആബ്താബ് സിങ് പറഞ്ഞു. രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രധാന വിതരണക്കാരായ പ്രഭ്ജിത് സിംഗ്, സാഹിബ് സിങ് എന്നിവരെ രാജസാൻസിയിൽ നിന്ന് അറസ്റ്റ് ചെയ്തതായും പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു.വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത മറ്റ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃത മദ്യം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളെ പിടികൂടുന്നതിനായി അന്വേഷണ സംഘങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു. അഞ്ച് വർഷങ്ങൾക്ക് മുമ്പ്, തരൺ തരൺ, അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലായി പഞ്ചാബിൽ ഒരു വലിയ മദ്യദുരന്തം ഉണ്ടായിരുന്നു. 2020 ജൂലൈ, ആഗസ്ത് മാസങ്ങളിൽ മാഝ മേഖലയിലെ മൂന്ന് ജില്ലകളായ തരൺ തരൺ, ഗുരുദാസ്പൂർ, അമൃത്സർ എന്നിവിടങ്ങളിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് 130 ഓളം പേർ മരിക്കുകയും ഒരു ഡസനോളം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.തരൺ തരൺ ജില്ലയിൽ മാത്രം 80 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.