പൊള്ളാച്ചി കൂട്ടബലാത്സംഗക്കേസ്; ഒൻപത് പ്രതികൾ കുറ്റക്കാര്‍
കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും
പൊള്ളാച്ചി: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും.
2016 നും 2019നും ഇടയിൽ പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനികളെ പരിചയപെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും. പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
അണ്ണാ ഡിഎംകെ നേതാവ് നാഗരാജൻ, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുൾപ്പെടെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചി സ്വദേശി തരുന്നാവക്കരശനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. സംസാരിക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. വഴിമധ്യേ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ പ്രവേശിച്ചു. കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന് പരാതി നൽകിയത്. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.