രാജ്യത്തിന്റെ അഭിമാനം കാത്തത് സൈന്യം; ആദംപുർ വ്യോമതാവളത്തിൽ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ആണവഭീഷണി വെച്ച് പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി
ന്യൂ ഡൽഹി: ആദംപുർ വ്യോമതാവളത്തിൽ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത് ഇന്ത്യയുടെ ധീര സൈനികരാണ്. ലോകം ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തിയാണിത്. ഇനി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. ആണവഭീഷണി വെച്ച് പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഓരോ സൈനികന്റെയും ശപഥമാണ്. നമ്മുടെ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം കേൾക്കാം. നമ്മുടെ വിജയത്തിന് പിന്നിൽ ഇന്ത്യയിലെ ഓരോ ജനങ്ങളുടെയും പ്രാർത്ഥനയുണ്ട്. സൈന്യം നടത്തിയത് ഇതിഹാസ പോരാട്ടമാണ്. പതിറ്റാണ്ടുകൾക്ക് ശേഷവും ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂറിൽ നീതി, നിയമം, സൈനിക ക്ഷമത ഇവയുടെ ത്രിവേണി സംഗമമാണ്. അധർമ്മത്തിനെതിരെ പോരാടുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായിച്ചതിന് ഭീകരരെ അവരുടെ മണ്ണിൽ കയറി ആക്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
9 ഭീകര കേന്ദ്രങ്ങൾ തകർത്തു നൂറോളം ഭീകരരെ വധിച്ചു. പാകിസ്താന്റെ വ്യോമ താവളങ്ങളിലും ആക്രമണം നടത്തി. പാക് സേനയെ വിറപ്പിച്ചു. പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും ഇന്ത്യൻ സൈന്യത്തിനു മുൻപിൽ ഒന്നുമല്ലായിരുന്നു. ഇന്ത്യയുടെ ആക്രമണം പാകിസ്താനിലെ പട്ടാളത്തിനെതിരെ അല്ലായിരുന്നു, ഭീകരർക്കെതിരെ ആയിരുന്നു. പാകിസ്താന് ഇന്ത്യയുടെ ആക്രമണത്തിൽ സമാധാനമായി ഉറങ്ങാനായില്ല. യാത്രാവിമാനങ്ങളെ മറയാക്കിയായിരുന്നു പാക് ആക്രമണം. ഇന്ത്യക്കെതിരെ ആക്രമണവുമായി തിരിഞ്ഞാൽ പാകിസ്താന് മഹാനാശം എന്ന് മോദി മുന്നറിയിപ്പ് നൽകി.