4PM ന്യൂസ് യൂട്യൂബ് ചാനൽ നിരോധിച്ച നടപടി പിൻവലിച്ച് കേന്ദ്രം
കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനൽ സുപ്രിം കോടതിയെ സമീപിച്ചിരുന്നു
ഡൽഹി: 4PM ന്യൂസ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ചാനലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായി, എ എസ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനൽ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
ഹരജിയിൽ മറുപടി നൽകാൻ കോടതി കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരോധന ഉത്തരവിനെതിരെ എഡിറ്റര്‍ സഞ്ജയ് ശര്‍മ നൽകിയ ഹരജിയിൽ ബെഞ്ച് കേന്ദ്രത്തിനും യൂട്യൂബിനും നോട്ടീസ് അയച്ചിരുന്നു.
7.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സുള്ള ചാനൽ ഏപ്രിൽ 29നാണ് നിരോധിച്ചത്. 4PM ഉത്തര്‍പ്രദേശ്, 4PM രാജസ്ഥാൻ എന്നിവ ഉൾപ്പെടെ 4PMന് മറ്റ് ആറ് യൂട്യൂബ് ചാനലുകൾ കൂടിയുണ്ട്. ദേശ സുരക്ഷയുമായും പൊതു ക്രമസമാധാനവുമായും ബന്ധപ്പെട്ട സർക്കാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ചാനലിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.