ബിജെപി നേതാവിൽ നിന്നും അവാര്‍ഡ് സ്വീകരിക്കാനില്ല; രാമചന്ദ്ര ഖാൻ സോഷ്യൽ സയൻസ് പുരസ്കാരം നിരസിക്കുന്നതായി പ്രൊഫ.ആദിത്യ നിഗം
ഉദ്ഘാടന പരിപാടിയുടെ പോസ്റ്റര്‍ കുറച്ചു മുൻപ് എനിക്ക് ലഭിച്ചിരുന്നു
പട്ന: പട്‌ന ആസ്ഥാനമായുള്ള ലോക് ദർശൻ ന്യാസ് വർഷം തോറും നൽകുന്ന രാമചന്ദ്ര ഖാൻ സോഷ്യൽ സയൻസ് അവാർഡിന് ഈ വര്‍ഷം അര്‍ഹരായത് പ്രൊഫ. ആദിത്യ നിഗവും ഹിലാൽ അഹമ്മദുമാണ്. ആദിത്യ നിഗത്തിൻ്റെ 'ആസ്മാൻ ഔർ ഭി ഹേ', ഹിലാലിൻ്റെ 'അല്ലാഹ് നാം കി സിയാസത്ത്' എന്നീ കൃതികള്‍ക്കാണ് പുരസ്കാരം. എന്നാൽ അവാര്‍ഡ് നിരസിക്കുന്നതായി ആദിത്യ നിഗം അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുഖ്യതാഥിയെന്നും ഒരുപക്ഷേ ഇദ്ദേഹത്തിൽ നിന്നും അവാര്‍ഡ് സ്വീകരിക്കേണ്ടി വന്നേക്കാമെന്നും അതുകൊണ്ടാണ് പുരസ്കാരം നിരസിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആദിത്യയുടെ കുറിപ്പ്
എന്‍റെ ഹിന്ദി പുസ്തകമായ 'ആസ്മാൻ ഔർ ഭി ഹേ'ക്ക് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ഒരുപാട് സുഹൃത്തുക്കൾ എന്നെ അഭിനന്ദിച്ചു. എല്ലാം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു.
ഉദ്ഘാടന പരിപാടിയുടെ പോസ്റ്റര്‍ കുറച്ചു മുൻപ് എനിക്ക് ലഭിച്ചിരുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുഖ്യാതിഥി.അദ്ദേഹം അവാര്‍ഡ് നൽകിയേക്കുമെന്ന് ആരറിയുന്നു. അതുകൊണ്ട് ഒരു കാരണവശാലും ഒരു സംഘത്തിൽ നിന്നോ ബിജെപിയിൽ നിന്നോ അവാര്‍ഡ് സ്വീകരിക്കില്ലെന്നും എന്‍റെ ടിക്കറ്റുകൾ റദ്ദാക്കണമെന്നും അറിയിച്ചുകൊണ്ട് ഞാൻ സംഘാടകർക്ക് കത്തെഴുതിയിട്ടുണ്ട്. അദ്ദേഹത്തെ പാര്‍ട്ടി അംഗമായിട്ടല്ല ഉപമുഖ്യമന്ത്രിയായിട്ടാണ് വിളിച്ചതെന്ന വാദങ്ങളോട് യോജിക്കാനാവില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലെ സെന്‍റര്‍ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ രാഷ്ട്രീയ സൈദ്ധാന്തികനാണ് പ്രൊഫസർ ആദിത്യ നിഗം.