മൂന്ന് മാസത്തിനിടെ മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 767 കർഷകർ

2024ൽ 2,635 കർഷകരും 2023ൽ 2,851 കർഷകരും മാഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തിരുന്നു.

Update: 2025-07-02 16:45 GMT
Advertising

വിദർഭ: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മഹാരാഷ്ട്രയിൽ 767 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. വിദർഭയിലാണ് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത്. നിയമസഭയിൽ കർഷക ആത്മഹത്യാ കണക്കുകളെ കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീൽ നൽകിയ മറുപടിയിലാണ് കണക്കുകൾ.

ഈ കേസുകളിൽ 376 കുടുംബങ്ങൾ നഷ്ടപരിഹാരത്തിന് അർഹരായിരുന്നു. ഇവരിൽ 200 പേരെ സർക്കാർ അയോഗ്യരായി പ്രഖ്യാപിച്ചു. 194 കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. അർഹരായ കർഷകരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകിയതായും ശേഷിക്കുന്ന കേസുകളിൽ നഷ്ടപരിഹാര വിതരണം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

2024ൽ 2,635 കർഷകരും 2023ൽ 2,851 കർഷകരും മാഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തിരുന്നു. 2001 മുതൽ സംസ്ഥാനത്ത് 39,825 കർഷക ആത്മഹത്യകൾ നടന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യകളിൽ 22,193 എണ്ണം സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്.

വിദർഭക്ക് പുറമെ യവത്മാൽ, അകോള, ബുൽധാന, വാസിം എന്നിവിടങ്ങളിലാണ് പ്രധാനമായും കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്.

കർഷകർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും, അർഹരായ പല കർഷകർക്കും നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ സഹായം നിഷേധിക്കുകയാണെന്നും കോൺഗ്രസ് എംഎൽഎമാർ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News