സീറ്റുകൾക്ക് സുരക്ഷയില്ല; രണ്ടായിരത്തോളം ടൊയോട്ട ഹൈലാന്റർ വാഹനങ്ങൾ തിരിച്ചുവിളിച്ച് യുഎഇ
2021-2023 കാലയളവിൽ യു.എസിൽ നിർമിച്ച VXR, GXR മോഡലുകൾക്ക് ബാധകം
ദുബൈ: വാഹനത്തിന്റെ രണ്ടാം നിരയിലെ സീറ്റുകളിൽ സുരക്ഷാ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ വൻതോതിൽ ടൊയോട്ട ഹൈലാന്റർ വാഹനങ്ങൾ തിരിച്ചുവിളിച്ചു. ടൊയോട്ടയുടെ ഔദ്യോഗിക വിതരണക്കാരായ അൽ ഫുത്തൈം മോട്ടോഴ്‌സ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സാമ്പത്തിക വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി ചേർന്നാണ് 1,983 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. 2021-2023 കാലയളവിൽ യു.എസിൽ നിർമിച്ച ടൊയോട്ട ഹൈലാന്റർ VXR, GXR മോഡലുകളെയാണ് ഇത് ബാധിക്കുക.
വാഹനത്തിന്റെ രണ്ടാമത്തെ നിരയിലുള്ള സീറ്റുകളുടെ ബാക്ക്-റെസ്റ്റ് ചരിവ് ക്രമീകരിക്കുന്ന 'റീക്ലൈനിങ് മെക്കാനിസത്തിനാണ്' തകരാറുള്ളത്. നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക മാറ്റം കാരണം സീറ്റുകളിലെ സ്പ്രിങ് ബാലൻസിൽ വ്യതിയാനം സംഭവിക്കുകയും, സീറ്റ് പൊസിഷൻ മാറ്റുമ്പോൾ അത് കൃത്യമായി ലോക്കാകാതിരിക്കുകയും ചെയ്യുന്നു. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ അപകടത്തിൽപ്പെടുമ്പോഴോ സീറ്റുകൾ ലോക്കാകാതിരുന്നാൽ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ റീകോൾ നോട്ടീസിൽ വ്യക്തമാക്കുന്നു.
ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളെ അൽ ഫുത്തൈം മോട്ടോഴ്‌സ് നേരിട്ട് ബന്ധപ്പെടും. രണ്ടാം നിരയിലെ സീറ്റുകളുടെ തകരാറിലായ സ്പ്രിങ്ങുകൾ സൗജന്യമായി മാറ്റിനൽകും. നിർദിഷ്ട വർഷങ്ങളിലും മോഡലുകളിലും പെട്ട ഹൈലാന്റർ വാഹനങ്ങൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക.