വിമാനത്തിനുള്ളിൽ ‘വീടൊരുക്കി’ ഇത്തിഹാദ്​; കിടപ്പുമുറിയും ലിവിങ്​ റൂമും ഷവറും

അബൂദബി ബാങ്കോക്ക്​ സർവിസിലാണ് ‘ദി റെസിഡൻസ്​’ സംവിധാനം

Update: 2026-10-26 13:54 GMT
Editor : Rafeeq MM | By : Gulf Desk

അബൂദബി: വിമാനത്തിനുള്ളിൽ വീടൊരുക്കി നൽകി ഇത്തിഹാദ്​ എയർ​വേസ്​. കിടപ്പുമുറിയും ലിവിങ്​ റൂമും ഷവർ അടക്കമുള്ള ബാത്ത്​ റൂമും ഉൾപ്പെടെയുള്ള മൂന്ന്​ റൂമുകളാണ്​ ഒരുക്കിയിരിക്കുന്നത്​. രണ്ട്​ യാ​​ത്രക്കാർക്കായാണ്​ ആഢംബര സൗകര്യങ്ങളുള്ള വീട്​ ആകാശത്ത്​ ഒരുക്കിയിരിക്കുന്നത്​. അബൂദബി- ബാങ്കോക്ക്​ റൂട്ടിൽ സർവിസ്​ നടത്തുന്ന ഇത്തിഹാദ് എയർവേസിന്‍റെ എയർബസ് എ380 വിമാനത്തിലാണ്​ ഈ സൗകര്യങ്ങളുള്ളത്​. തിങ്കളാഴ്ചയാണ്​ എ 380 ഡബിൾ ഡക്കർ വിമാനം സർവിസ്​ ആരംഭിച്ചത്​. 125 ചതുരശ്രയടി വിസ്തീർണമുള്ള സ്വകാര്യ സ്യൂട്ടാണ് ദി റെസിഡൻസ്. രണ്ട് യാത്രക്കാർക്ക് ഒരുമിച്ച് ഉപയോഗിക്കാവുന്ന സ്യൂട്ടിൽ മൂന്ന് പ്രത്യേക ഇടങ്ങളാണുള്ളത്. രണ്ട് പേർക്ക് ഇരിക്കാവുന്ന സോഫയടങ്ങിയതാണ്​ ലിവിങ്​ റൂം. ഇരട്ടക്കിടക്കയുള്ളതാണ്​ സ്വകാര്യ ബെഡ്‌റൂം.പൂർണ ഉയരത്തിലുള്ള ഷവറോടുകൂടിയ സ്വകാര്യ ബാത്ത്‌റൂം.

Advertising
Advertising

സൗജന്യ വൈഫൈ, ആഡംബര ബെഡ്​, പ്രത്യേക ലൗഞ്ച് വസ്ത്രങ്ങൾ, യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം എന്നിവയും ലഭിക്കും. അബൂദബിയിൽ എത്തിഹാദ് ചോഫർ സേവനവും സ്വകാര്യ ലൗഞ്ച് സ്യൂട്ടിലേക്കുള്ള പ്രവേശനവും പാക്കേജിന്‍റെ ഭാഗമാണ്. ലോകത്തിൽ ആദ്യമായി വിമാനത്തിനുള്ളിൽ ഏർ​പ്പെടുത്തിയ മൂന്ന് മുറികളുള്ള സ്യൂട്ടാണ് ദി റെസിഡൻസെന്നും ​ ഇത്തിഹാദ്​ എയർവേസ്​ പറയുന്നു.എയർബസ് എ380ൽ ഫസ്റ്റ് ക്ലാസിൽ സ്വകാര്യത ഉറപ്പാക്കുന്ന സ്ലൈഡിങ് ഡോറുകളുള്ള ഒമ്പത് ഫസ്റ്റ് ക്ലാസ് അപ്പാർട്ട്‌മെന്‍റുകളുമുണ്ട്​. അബൂദബിയിൽനിന്ന് രാത്രി 9.20ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35ന് ബാങ്കോക്കിലെത്തും.ബാങ്കോക്കിൽനിന്ന് രാവിലെ 8.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20ന് അബൂദബിയിലെത്തും.

ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി യാത്രക്കാരുടെ വർധിച്ച ആവശ്യം നിറവേറ്റുന്നതിനും റൂട്ടിലെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമാണ് എ380 വിന്യസിച്ചതെന്ന് ഇത്തിഹാദ് അറിയിച്ചു. 2026 ജൂണിൽ ടോക്കിയോയിലേക്ക് പ്രതിദിന എ380 സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് ബാങ്കോക്കും വിമാനക്കമ്പനിയുടെ എ380 ശൃംഖലയിൽ ഇടംപിടിക്കുന്നത്.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News