ദുബൈയിൽ പാർട്ട് ടൈം ജോബ് തട്ടിപ്പുകൾ സജീവം; ഉദ്യോ​ഗാർഥികൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഒ.ടി.പി, ബാങ്ക് വിവരങ്ങൾ കൈമാറരുതെന്ന് കർശന നിർദേശം

Update: 2026-10-25 08:47 GMT

ദുബൈ: ആകർഷകമായ പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്ത് ബാങ്കിങ് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലെ ആന്റി ഫ്രോഡ് സെന്ററാണ് വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന "എ സേഫ് യുഎഇ സ്റ്റാർട്ട്സ് വിത്ത് യുവർ ഡിജിറ്റൽ അവെയർനസ്" പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.

അധിക വരുമാനം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ആകർഷകമായ പാർട്ട് ടൈം ജോലികൾ നൽകാം എന്ന പേരിലാണ് തട്ടിപ്പുകാർ പരസ്യങ്ങൾ നൽകുന്നത്. വ്യക്തിഗത ബാങ്കിങ് വിവരങ്ങൾ കൈക്കലാക്കുക, അല്ലെങ്കിൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പണമിടപാടുകൾ നടത്താൻ ഉദ്യോഗാർത്ഥികളെ ഉപയോഗിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് കമ്മീഷൻ വ്യവസ്ഥയിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമായ തട്ടിപ്പിന്റെ ലക്ഷണമാണ്. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നവരുമായുള്ള ആശയവിനിമയം ഉടൻ അവസാനിപ്പിക്കണമെന്നും കർശന നിർദേശമുണ്ട്.

Advertising
Advertising

ജോലിയിൽ പ്രവേശിക്കുന്നതിനോ വിവരങ്ങൾ കൈമാറുന്നതിനോ മുമ്പ് സ്ഥാപനത്തിന് നിയമപരമായ അംഗീകാരമുണ്ടെന്ന് ഔദ്യോഗിക മാർ​ഗങ്ങളിലൂടെ ഉറപ്പുവരുത്തണം. ഒരു ജോലിക്കായി ഉദ്യോഗാർഥികളിൽ നിന്ന് സ്ഥാപനങ്ങൾ പണം ആവശ്യപ്പെടാറില്ല. ജോലി വാഗ്ദാനം ചെയ്യുന്നവരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി സന്ദേശങ്ങളോ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സോഷ്യൽ മീഡിയ വഴിയോ മെസ്സേജിങ് ആപ്പുകൾ വഴിയോ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ ആവർത്തിച്ചു. സംശയാസ്പദമായ തൊഴിൽ പരസ്യങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ eCrime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News