ദുബൈ ചോക്ലേറ്റ് നിർമാതാക്കളായ ഫിക്സ് ഡെസേർട്ടിന് 'ദുബൈ-ഇറ്റ്' പുരസ്കാരം

ബ്രിട്ടീഷ് ദമ്പതികളായ സാറാ ഹമൂദയും, യെസൻ അലാനിയുമാണ് ദുബൈ ചോക്ലേറ്റ് എന്ന ആശയത്തിന് പിന്നിൽ

Update: 2026-10-24 10:14 GMT

ദുബൈ: ആഗോളതലത്തിൽ വൻ തരംഗമായി മാറിയ 'ദുബൈ ചോക്ലേറ്റ്' നിർമാതാക്കളായ ഫിക്സ് ഡെസേർട്ടിന് (Fix Dessert) ബിസിനസ് പ്രൊജക്റ്റ് വിഭാഗത്തിൽ 'ദുബൈ-ഇറ്റ്' പുരസ്കാരം ലഭിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. അസാധ്യമായത് സാധ്യമാക്കുന്നവർക്കുള്ളതാണ് ഈ പുരസ്കാരം. വേറിട്ട ചോക്ലേറ്റ് ചേരുവയിലൂടെ അന്താരാഷ്ട്രതലത്തിൽ ദുബൈയുടെ പെരുമ ഉയർത്തിനാണ് ഫിക്സ് ഡെസേർട്ടിന് ദുബൈ ഇറ്റ് അംഗീകാരം.

ഈജിപ്തിൽ വേരുകളുള്ള ബ്രിട്ടീഷ് ദമ്പതികളായ സാറാ ഹമൂദയും, യെസൻ അലാനിയുമാണ് ദുബൈ ചോക്ലേറ്റ് എന്ന ആശയത്തിന് പിന്നിൽ. ഗർഭകാലത്ത് കഴിക്കാൻ ആഗ്രഹം തോന്നിയ അറബിക് വിഭവമായ കുനാഫയുടെ ഓർമകളിൽ നിന്നാണ് കുനാഫയും, പിസ്തയുമൊക്കെ ചേർത്ത ചോക്ലേറ്റ് പിറവിയെടുക്കുന്നത്. ഓൺലൈനിലൂടെ വിപണിയിലെത്തിക്കാനായിരുന്നു ശ്രമം. 2021 ൽ ആരംഭിച്ച ഈ സംരംഭത്തിന്റെ തുടക്കം പക്ഷേ നിരാശാജനകമായിരുന്നു. വാടക നൽകാൻ പണമില്ലാതാകുന്നത് പിടിച്ചുനിൽക്കാം എന്ന് കരുതി മുന്നോട്ടുപോയി. എന്നാൽ, 2024 ന്റെ പുതുവൽസരകാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രെൻറായി മാറിയ ദുബൈ ചോക്ലേറ്റ്, ചോക്ലേറ്റ് വിപണിയിലെ പുതിയ കാറ്റഗറിയായി മാറി. വൻകിട കമ്പനികൾ വരെ ഇതേ രുചിയിൽ ചോക്ലേറ്റ് പുറത്തിറക്കി.

ദുബൈ ചോക്ലേറ്റിന്റെ വിൽപനയിൽ ഒറ്റ വർഷം കൊണ്ട് 1,234 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇന്ന് ദിവസം പതിനായിരത്തിലേറെ ഓർഡറുകൾ ലഭിക്കുന്ന, ലോകത്തിലെ 100 വിമാനത്താവളങ്ങളിലും ലോകമെമ്പാടുമുള്ള വിപണികളിലും വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റായി ഇത് മാറി. നേട്ടങ്ങളെ ആദരിക്കാനും ഭാവി തലമുറയ്ക്ക് പ്രചോദനമേകാനുമായി കഴിഞ്ഞ ജൂൺ 24-നാണ് ശൈഖ് ഹംദാൻ 'ദുബൈ-ഇറ്റ്' പുരസ്കാരം പ്രഖ്യാപിച്ചത്. വ്യക്തികൾ, പ്രൊജക്ടുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവക്കാണ് ഈ വാർഷിക പുരസ്കാരം നൽകുന്നത്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News