റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു
പാകിസ്താനി കുടുംബത്തിലെ രണ്ടുവയസുകാരൻ അബ്ദുല്ല മുഹമ്മദ് മുഹമ്മദലിയാണ് മരിച്ചത്
റാസൽഖൈമ: റാസൽഖൈമയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. പഴയ റാസൽഖൈമയിലെ സിദ്‌റോ മേഖലയിൽ നിന്നാണ് പ്രദേശത്തെ കണ്ണീരിലാഴ്ത്തിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാകിസ്താനി കുടുംബത്തിലെ നാല് കുട്ടികളിൽ ഇളയവനായ രണ്ടുവയസുകാരൻ അബ്ദുല്ല മുഹമ്മദ് മുഹമ്മദലിയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അടുക്കളയിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് കിടക്കുന്ന കുട്ടിയെ റാസൽഖൈമ സഖർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. വീട്ടിൽ പിതാവും മറ്റും ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സമയത്താണ് കുട്ടി അടുക്കളയിലെത്തിയത്. സാധാരണ നിലയിൽ വെള്ളം നിറച്ച് വെക്കുന്ന ബക്കറ്റ് അടച്ച് സൂക്ഷിക്കാറുണ്ടെങ്കിലും അന്ന് മറന്നുപോയെന്ന് കുടുംബം പറയുന്നു. കുഞ്ഞ് വെള്ളത്തിൽ വീണത് തിരിച്ചറിയാനും സമയമെടുത്തു. കുട്ടിയുടെ വേർപാടിൽ റാസൽഖൈമയിലെയും പാകിസ്താനിലെയും ബന്ധുക്കൾ കടുത്ത വേദനയിലാണ്.