വരുന്നു, ബർദുബൈ-ദുബൈ ഐലന്റ് നാലുവരിപ്പാലം
78.6 കോടി ദിർഹം ചെലവു വരുന്നതാണ് പദ്ധതി
ദുബൈ: ബർദുബൈയെ ദുബൈ ഐലന്റുമായി ബന്ധിപ്പിക്കുന്ന നാലു വരിപ്പാലത്തിന് പച്ചക്കൊടി കാട്ടി ദുബൈ റോഡ് ഗതാഗത അതോറിറ്റി. 78.6 കോടി ദിർഹം ചെലവു വരുന്നതാണ് പദ്ധതി. ദുബൈ ഹോൾഡിങ്ങിനാണ് പാലത്തിന്റെ നിർമാണ കരാർ.
ദുബൈ ക്രീക്കിന് കുറുകെ പോർട്ട് റാശിദ് വികസന മേഖലയെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്നതാണ് 1.42 കിലോമീറ്റർ നീളമുള്ള പാലം. ഇരുദിശകളിലും നാലു വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ പതിനാറായിരം വാഹനങ്ങൾക്ക് കടന്നു പോകാനാകും. ക്രീക്കിൽ നിന്ന് 18.5 മീറ്റർ ഉയരത്തിലാണ് പാലം നിർമിക്കുക. ക്രീക്കിലൂടെയുള്ള ജലഗതാഗതം തടസ്സപ്പെടാതിരിക്കാൻ 75 മീറ്റർ വീതിയുള്ള നാവിഗേഷൻ ചാനലുമുണ്ടായിരിക്കും.
സൈക്കിൾ, കാൽനട യാത്രികർക്ക് പാലത്തിൽ പ്രത്യേക സൗകര്യമുണ്ടാകും. ദുബൈ ഐലന്റ്, ബർദുബൈ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി രണ്ടായിരം മീറ്റർ നീളമുള്ള അപ്രോച്ച് റോഡും നിർമിക്കും. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയുടെ പ്രധാന ഭാഗമാണ് ഇരുദിശയിലുമായി എട്ടുവരിയുള്ള പാലം. ദുബൈ നഗരത്തിൽ പതിമൂന്നു കിലോമീറ്റർ നീളത്തിൽ പതിനഞ്ച് ഇന്റർസെക്ഷനുകൾ വികസിപ്പിക്കുന്ന സുപ്രധാന പദ്ധതിയാണ് അൽ ഷിൻദഗ ഇടനാഴി പ്രോജക്ട്.
പത്തുലക്ഷം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. നിർമാണം പൂർത്തിയായാൽ നേരത്തെ 104 മിനിറ്റ് എടുത്തിരുന്ന യാത്ര വെറും പതിനാറ് മിനിറ്റു കൊണ്ട് സാധ്യമാകും എന്നാണ് ആർടിഎ കണക്കുകൂട്ടുന്നത്. അഞ്ചു ഘട്ടം നീണ്ട ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിലെ അവസാന ഘട്ട നിർമാണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.