ഇസ്രായേൽ വിദേശകാര്യമന്ത്രി അബൂദബിയിൽ; ഗസ്സയിലെ വെടിനിർത്തൽ പ്രധാനചർച്ച
യുഎഇ വിദേശകാര്യമന്ത്രിയെ കണ്ടു
Update: 2025-04-07 05:11 GMT
അബൂദബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഗീഥോവൻ സാർ അബൂദബിയിലെത്തി യുഎഇ വിദേകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളെ വിട്ടുനൽകി ഗസ്സയിൽ വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ചായിരുന്ന പ്രധാന ചർച്ചയെന്ന് യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഘർഷം വ്യാപിക്കാതിരിക്കാനും ഗസ്സ നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഏതുതരം നയതന്ത്ര ഇടപെടലുകൾക്കും യുഎഇ സന്നദ്ധമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര ഫോർമുലയിൽ ഊന്നി ഇരുപക്ഷവും ചർച്ചകൾ സജീവമാക്കണമെന്നും യുഎഇ വിദേശകാര്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു.