സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഡ്രോൺ ആക്രമണശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

വിവിധമേഖലകളിലുണ്ടായ അപകടാവസ്ഥ ഒഴിഞ്ഞു

Update: 2026-10-24 09:26 GMT

റിയാദ്: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. റിയാദ് നഗരത്തിന് നേരെ വിക്ഷേപിച്ച ബാലസ്റ്റിക് മിസൈലും വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഖമീസ് മുഷൈത്തിനും റിയാദ് നഗരത്തിനും നേരെ ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ദിവസം പ്രതിരോധ സേന തകർത്തിരുന്നുവെന്ന് മേജർ ജനറൽ അൽ-മാലികി മുമ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം റിയാദ്, നജ്റാൻ, വാദി അദ്ദവാസിർ എന്നിവിടങ്ങളിൽ നിലനിന്നിരുന്ന അപകടാവസ്ഥ ഒഴിഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ശനിയാഴ്ച അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നിർദേശങ്ങൾ തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ഓർമിപ്പിച്ചു. നേരത്തെ, നാഷണൽ എർലി വാർണിങ് പ്ലാറ്റ്‌ഫോം വഴി ഈ പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പൗരന്മാരും താമസക്കാരും സുരക്ഷാ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിന്നും ചില്ലുജാലകങ്ങളിൽ നിന്നും മാറിനിൽക്കുക, ബാൽക്കണിയിലോ മേൽക്കൂരയിലോ നിൽക്കാതിരിക്കുക എന്നീ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

കൂടാതെ, കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ അടുത്തുള്ള കെട്ടിടത്തിനുള്ളിൽ പ്രവേശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് പൂർണമായും ഒഴിവാക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും മുന്നറിയിപ്പ് കാലാവധി കഴിയുന്നത് വരെ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News