'അസ്ഥിരതക്ക് കാരണം ഇസ്രായേൽ അധിനിവേശം';സൗദി, തുർക്കി, ഈജിപ്ത്, പാകിസ്‍താൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾക്ക് കരുത്തേകുന്നതിനുമായാണ് ചർച്ചകൾ

Update: 2026-10-24 10:10 GMT

റിയാദ് \ ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി. തുർക്കി, ഈജിപ്ത്, പാകിസ്‍താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇസ്താംബൂളിൽ യോഗം ചേർന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾക്ക് കരുത്തേകുന്നതിനുമായാണ് ചർച്ചകൾ.

പശ്ചിമേഷ്യയിലെയും ലോകത്തിലെ തന്നെയും അസ്ഥിരതക്ക് പ്രധാന കാരണം ഇസ്രായേലിന്റെ അധിനിവേശമാണെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി. 1967 ജൂൺ 4 ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരം എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertising
Advertising

പ്രധാന തീരുമാനങ്ങളും ചർച്ചകളും

ഫലസ്തീൻ വിഷയം: ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേൽ അതിക്രമങ്ങളും അനധികൃത കുടിയേറ്റങ്ങളും ഉടൻ അവസാനിപ്പിക്കണം. ഗസയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ എത്തിക്കാനും പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നടപടി വേണം.

യമൻ പ്രതിസന്ധി: സൗദി അറേബ്യക്കും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. സൈനിക നടപടികൾ അവസാനിപ്പിച്ച് ഹൂതികൾ രാഷ്ട്രീയ ചർച്ചകളിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രിമാർ, സൗദി അറേബ്യക്കും യമൻ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചു.

യു.എസ്/ഇസ്രായേൽ - ഇറാൻ സംഘർഷം: ഹോർമുസ് കടലിടുക്കിന് ചുറ്റും നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ മാത്രം പരിഹരിക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിവിലിയൻമാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം.

സമുദ്ര സുരക്ഷ: അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യോഗം എടുത്തുപറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും, ആഗോള ഊർജ-ഭക്ഷ്യ വിതരണ ശൃംഖല തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും മന്ത്രിമാർ ആഹ്വാനം ചെയ്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News