സൗദി ഡബിൾ സ്മാർട്ടാകും; വമ്പൻ എഐ പദ്ധതികൾ പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ഹ്യൂമൈൻ, എൻവിഡിയ എന്നിവയുമായി സഹകരിച്ചാണ് x ന്റെ 500 മെഗാവാട്ട് പദ്ധതി
റിയാദ്: സൗദിയുമായി ചേർന്ന് വമ്പൻ എഐ പദ്ധതികൾ പ്രഖ്യാപിച്ച് X സിഇഒ ഇലോൺ മസ്ക്. x എഐ, സൗദിയുടെ ഹ്യൂമൈൻ എഐയുമായും ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക്സ് ചിപ്പ് (GPU) നിർമാതാക്കളിലൊന്നായ എൻവിഡിയയുമായും സഹകരിച്ച് 500 മെഗാവാട്ട് ശേഷിയുള്ള ഭീമൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതി ആരംഭിക്കും. സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന്റെ ഭാഗമായി വാഷിങ്ടണിൽ നടന്ന സൗദി- അമേരിക്ക നിക്ഷേപ ഫോറത്തിലാണ് പ്രഖ്യാപനം.
സൗദി അറേബ്യയിൽ എഐ ടെക്നോളജികൾക്കായുള്ള ക്ലസ്റ്ററുകൾ നിർമിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൗദിയുമായി ചേർന്ന് കമ്പ്യൂട്ടറുകൾ നിർമിക്കാനും പദ്ധതിയുണ്ട്. എഐ സാങ്കേതികവിദ്യയുടെ വികസനത്തിൽ പുതിയ പദ്ധതി സൗദി അറേബ്യയെ മുൻനിരയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽസ്വാഹയാണ് സെഷൻ മോഡറേറ്റ് ചെയ്തത്. സാങ്കേതിക മേഖലയിൽ ദശാബ്ദങ്ങളായി തുടരുന്ന സൗദി-അമേരിക്കൻ പങ്കാളിത്തം മേഖലയിലെ വളർച്ചക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ റോബോട്ടിക് തൊഴിലാളികളെ വൻതോതിൽ ഉൾപ്പെടുത്തി ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും അൽസ്വാഹ പറഞ്ഞു.