2025 ലെ മികച്ച സാംസ്‌കാരിക പദ്ധതിക്കുള്ള പുരസ്‌കാരം നേടി ഹിസ്റ്റോറിക് ജിദ്ദയിലെ കൾച്ചറൽ സ്‌ക്വയർ
MEED പ്രോജക്ട്‌സ് അവാർഡ്‌സിലാണ് നേട്ടം
റിയാദ്: 2025 ലെ മികച്ച സാംസ്‌കാരിക പദ്ധതിക്കുള്ള പുരസ്‌കാരം നേടി ഹിസ്റ്റോറിക് ജിദ്ദയിലെ കൾച്ചറൽ സ്‌ക്വയർ. 15-ാമത് വാർഷിക MEED പ്രോജക്ട്‌സ് അവാർഡ്‌സിലാണ് സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ നേട്ടം. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമുള്ള മികച്ച നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ, സാംസ്‌കാരിക പദ്ധതികൾ എന്നിവക്കാണ് MEED പ്രോജക്ട്‌സ് അവാർഡുകൾ നൽകുന്നത്.
അവാർഡ് ദാന ചടങ്ങിൽ നേതാക്കളും വിദഗ്ധരുമടക്കം 400-ലധികം പേരും 100-ലധികം കമ്പനികളും പങ്കെടുത്തു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുതിയ സാംസ്‌കാരിക ലാൻഡ്മാർക്കുകളിൽ ഒന്നായാണ് കൾച്ചർ സ്‌ക്വയർ വിലയിരുത്തപ്പെടുന്നത്. അൽ-അർബീൻ തടാകത്തിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 888 സീറ്റുകളുള്ള പ്രധാന തിയേറ്ററോടെയുള്ള പെർഫോമിംഗ് ആർട്‌സ് സെന്റർ, അഞ്ച് സിനിമാശാലകൾ, ഒമ്പത് ഡയലോഗ് റൂമുകൾ, ഒരു റെസ്റ്റോറന്റ്, മൂന്ന് കഫേകൾ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. ടീംലാബ് ബോർഡർലെസ് എന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഡിജിറ്റൽ ആർട്ട് മ്യൂസിയവും ഈ സ്‌ക്വയറിൽ ഉണ്ട്. കല, സാങ്കേതികവിദ്യ, പ്രകൃതി എന്നിവ സംയോജിപ്പിക്കുന്ന 80-ലധികം ഇന്ററാക്ടീവ് ഡിജിറ്റൽ ആർട്ട്വർക്കുകൾ ഉൾക്കൊള്ളുന്നതാണിത്.