അരാംകോ സ്റ്റേഡിയം സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി; ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങൾ
മൂന്ന് നടപ്പാതകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കും
ദമ്മാം: ദമ്മാം അല്‍കോബാറിലെ ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മാണത്തിന്‍റെ സ്റ്റീല്‍ സ്ട്രക്ചര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. നൂറു കോടി ഡോളര്‍ മുതല്‍ മുടക്കി സൗദി അരാംകോയാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം നടത്തുന്നത്.
സ്മാർട്ട് കൂളിങ് സംവിധാനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങൾ, ആഡംബര വിഐപി സ്യൂട്ടുകൾ, വിശാലമായ ഉദ്യാനം എന്നിവ ഉള്‍കൊള്ളുന്നതാണ് സ്റ്റേഡിയം പദ്ധതി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പ്രാധാനപ്പെട്ട മൂന്ന് റോഡുകളില്‍ നിന്ന് നടപ്പാതകളും നിര്‍മിക്കും.
ഫുട്ബോള്‍ സ്റ്റേഡിയം എന്നതിലുപരി സംയോജിത, മൾട്ടി-ഉപയോഗ കായിക കേന്ദ്രമായാണ് സമുച്ചയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പ്രധാനപ്പെട്ട മൂന്ന് റോഡുകളില്‍ നിന്നും ഓവര്‍ ബ്രിഡ്ജുകളും നിര്‍മിക്കുന്നുണ്ട്. 7,000-ത്തിലധികം തൊഴിലാളികളാണ് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്.
2034 ലോകകപ്പിന് പുറമെ 2027 ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്ന പ്രധാന വേദികളിലൊന്നു കൂടിയാണ് ഇത്. അല്‍കോബാറിലെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അല്‍ഖാദിസിയ ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായി മാറും. 47000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.