വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മലയാളി സൗദിയിൽ മരിച്ചു

ട്യൂഷന് പോയ മക്കളെ തിരികെ കൂട്ടിക്കൊണ്ടുവരാനായി പോകവേയാണ് ഹൃദയാഘാതം ഉണ്ടായത്

Update: 2025-11-20 13:24 GMT

ദമ്മാം: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു. കോട്ടയം ജില്ലയിലെ മണർകാട്, ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ആണ് ദമ്മാമിൽ മരിച്ചത്. ട്യൂഷന് പോയ മക്കളെ തിരികെ കൂട്ടിക്കൊണ്ടുവരാനായി പോകുന്ന വഴിയിൽ വാഹനമോടിച്ച് കൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനം ഇടിച്ച് നിർത്തിയ ശേഷം പുറത്തിറങ്ങിയ ലിബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പന്ത്രണ്ട് വർഷമായി ദമ്മാമിൽ പ്രവാസിയാണ്. ഹമദ് എസ് അൽ ഹവാസ് & പാർട്ണർ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: മഞ്ജുഷ കിങ് ഫഹദ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുവരുന്നു. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ ഏബൽ, ഡാൻ എന്നിവർ മക്കളാണ്.

ദമ്മാമിലെ കലാ സാസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ലിബു തോമസിന്റെ വിയോഗം സുഹൃത്തുക്കളെ ദുഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും വർഗീസ് പെരുമ്പാവൂരിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News