അബഹയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി
എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു
ജുബൈൽ: അബഹയിൽ മരിച്ച ബസ് ഡ്രൈവർ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ന്റെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ പൂർത്തിയായി. സൗദി എയർലൈൻസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുക.
പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയതായിരുന്നു മുഹമ്മദ് കബീർ. അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിലാണ് തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.
ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി.
കെ.എം.സി.സി ഖമീസ് മുശൈത്ത് ലീഗൽ സെൽ ഇബ്രാഹിം പട്ടാമ്പി, കെ.എം.സി.സി അബഹ നേതാവ് അമീർ കോട്ടക്കൽ, അസീബ് പെരുവള്ളൂർ, സാക്കിർ എടപ്പാൾ എന്നിവരും കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മറ്റി ജനറൽസെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി നേതാക്കളും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.