സൗദിയുടെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റ്; വരും ദിവസങ്ങളിലും തുടരും
21 വരെ അസ്ഥിര കാലാവസ്ഥ
റിയാദ്: തലസ്ഥാനമായ റിയാദിലടക്കം സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ്. വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരും. ഈ മാസം 21 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായുള്ള മാറ്റങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. തണുപ്പ് അവസാനിച്ച് സൗദി ചൂടിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദിയിൽ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശിത്തുടങ്ങി. റിയാദിലടക്കം ശക്തമായ രീതിയിലായിരുന്നു പൊടിക്കാറ്റ്.
കനത്ത പൊടിക്കാറ്റ് വാഹനമോടിക്കുന്നവർക്കടക്കം വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. റോഡ് സുരക്ഷാ അതോറിറ്റി, സൗദി ഹൈവേ സുരക്ഷ അതോറിറ്റി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നീ വകുപ്പുകൾ ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കുമായി ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. അവ ഇപ്രകാരമാണ്:- മണൽ പ്രദേശങ്ങളിൽ യാത്ര ചെയ്യരുത്, കനത്ത പൊടിക്കാറ്റ് കാഴ്ച മറക്കുന്നതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ പുലർത്തുക, കാലാവസ്ഥാ നിർദേശങ്ങൾ കർശനമായി പാലിക്കുക, അനാവശ്യ യാത്രകളും പിക്‌നിക്കുകളൂം ഒഴിവാക്കുക, അലർജി പ്രശ്‌നമുള്ളവർ പുറത്തിറങ്ങരിക്കുക, അവശ്യഘട്ടങ്ങളിൽ മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
മക്ക, റിയാദ്, ഖസീം. കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും പ്രതീക്ഷിക്കാം. ഈ മാസം 21 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിലുണ്ട്.