സമയം തെറ്റാതെ പറന്ന് സൗദിയ എയർലൈൻസ്; കൃത്യനിഷ്ഠയിൽ ഒന്നാം സ്ഥാനം നിലനിർത്തി
സിറിയം ഏവിയേഷൻ കമ്പനിയുടേതാണ് റിപ്പോർട്ട്
കൃത്യനിഷ്ഠ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി എയർലൈൻസ്. സിറിയം ഏവിയേഷൻ സർവേയുടെ മാർച്ച് മാസത്തിലെ ആഗോള റാങ്കിലാണ് എയർലൈൻസ് സ്ഥാനം നിലനിർത്തിയത്. അന്താരാഷ്ട്ര വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സിറിയം കമ്പനിയുടേ മാർച്ച് മാസത്തിലേതാണ് റിപ്പോർട്ട്. 2024ലെ അവസാന റിപ്പോർട്ടുകളിലും സൗദി എയർലൈൻസ് ഒന്നാമതായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്തും എത്തിച്ചേരുന്ന സമയത്തും സൗദി എയർലൈൻസ് 94.07% ശതമാനത്തിലധികം കൃത്യത പാലിച്ചു.
സമയക്രമം പാലിക്കുന്നതിൽ മറ്റ് വിമാന കമ്പനികൾ എല്ലാം സൗദിയക്ക് പിറകിലാണ്. നാല് ഭൂഖണ്ഡങ്ങളിലെ നൂറിലധികം വിമാനത്താവളങ്ങളിലേക്ക് 16,000 സർവീസുകളാണ് സൗദി എയർലൈൻസ് മാർച്ച് മാസത്തിൽ നടത്തിയത്. ഫ്‌ലൈറ്റ് ഷെഡ്യൂളുകൾ കൃത്യമായി പാലിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ലോകത്ത് തന്നെ സൗദിയ ഒന്നാം സ്ഥാനത്തെത്താൻ കാരണമായത്. റമദാനിലെ ഉംറ സീസണിൽ ഉയർന്ന തോതിൽ വിമാന സർവീസുകൾ ഉണ്ടായിരുന്നിട്ടും, സൗദി എയർലൈൻസ് വിമാന ഷെഡ്യൂളുകളിൽ ഉയർന്ന തോതിൽ കൃത്യനിഷ്ഠ പാലിച്ചു.