അൽ ഉലയിൽ ആകാശ വിസ്മയം; സ്‌കൈസ് ഫെസ്റ്റിവൽ ഈ മാസം 18ന് ആരംഭിക്കും
ഹോട്ട് എയർ ബലൂൺ ഷോകൾ ഉൾപ്പടെ നിരവധി കാഴ്ചകളും അനുഭവങ്ങളുമായിരിക്കും സന്ദർശകർക്കായി ഒരുക്കുക
Update: 2025-04-11 13:28 GMT
റിയാദ്: സൗദിയിൽ അൽ ഉല സ്‌കൈസ് ഫെസ്റ്റിവൽ ഈ മാസം പതിനെട്ടിന് ആരംഭിക്കും. സൗദിയിലെ അതി പുരാതന നഗരമാണ് അൽ ഉല. പ്രകൃതി സൗന്ദര്യം ഏറെയുള്ള പ്രദേശമായതിനാൽ നിരവധി സന്ദർശകരാണ് ഇവിടെ എത്താറുള്ളത്. 2022ലാണ് അൽഉല സ്‌കൈസ് ഫെസ്റ്റിവൽ എന്ന പേരിൽ മേള ആരംഭിക്കുന്നത്. ഈ മാസം 18 മുതൽ 27 വരെയായിരിക്കും മേള നടക്കുക.
ലൈറ്റ് ഷോ, ഹോട്ട് എയർ ബലൂൺ ഷോകൾ, റെയ്ഡുകൾ, താര നിരീക്ഷണം, വാന നിരീക്ഷണം, ക്യാമ്പിങ്, വിവിധ കലാപരിപാടികൾ തുടങ്ങിയവയായിരിക്കും മേളയുടെ ഭാഗമായി ഒരുക്കുക. അൽ ഉല മൊമൻറ്‌സ്, സൗദി ടൂറിസം മന്ത്രാലയം, അൽ ഉല ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവർ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. അൽ ഉല മൊമന്റ്‌സിന്റെ ഒഫിഷ്യൽ വെബ് സൈറ്റ്, ആപ്പ്, സൗദി ടൂറിസം ഓഫീസുകൾ എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.