ഏപ്രിൽ 29 മുതൽ മക്കയിൽ താമസിക്കുന്നതിന് നിയന്ത്രണം
ഏപ്രിൽ 29 മുതൽ പെർമിറ്റ് നിർബന്ധം, പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തലും ശിക്ഷ
മക്ക: ഏപ്രിൽ 29 മുതൽ മക്കയിൽ താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. ഹജ്ജിന്റെ തിരക്കിലേക്ക് മക്ക പ്രവേശിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹജ്ജ് പെർമിറ്റോ പ്രവേശന പെർമിറ്റോ കൈവശമുള്ളവർക്ക് മാത്രമേ താമസം അനുവദിക്കൂ. ദുൽഖഅദ് 1 അഥവാ ഏപ്രിൽ 29 മുതലാണ് ഹജ്ജുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ. ദുൽഖഅദ് 1 മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നതുവരെ മക്കയിൽ തങ്ങാൻ അനുവദിക്കില്ല. ടൂറിസം മന്ത്രാലയം ഹോട്ടലുകൾക്കും അപ്പാർട്ടുമെന്റുകൾക്കും അയച്ച സർക്കുലറിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പിടിക്കപ്പെട്ടാൽ പിഴയും നാടുകടത്തൽ ഉൾപ്പെടെ വലിയ ശിക്ഷ നേരിടേണ്ടി വരും.
ഹജ്ജ് അവസാനിക്കുന്നതുവരെയാണ് നിയന്ത്രണങ്ങൾ. നേരത്തെ ദുൽഖഅദ് അവസാന വാരത്തിലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. സൗദിയിലേക്കുള്ള സന്ദർശക വിസക്കും നിയന്ത്രണങ്ങൾ വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ മുസ്‌ലിംകളുള്ള 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എന്ററി വിസകൾ നിയന്ത്രിച്ചതുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഇതിൽ പെടുന്നു. കഴിഞ്ഞവർഷം അനധികൃതമായി ഹജ്ജിന് പ്രവേശിച്ച പലരും കൊടും ചൂടിൽ മരണപ്പെട്ടിരുന്നു. ഇതിനാൽ തീർഥാടകർക്ക് സുരക്ഷിതമായും ആശ്വാസത്തോടെയും കർമങ്ങൾ ചെയ്യാൻ അവസരമൊരുക്കുന്നതിന്റ ഭാഗമായാണ് നിയന്ത്രണം.