സന്നാഹങ്ങൾ അവസാനിച്ചു, ലോകകപ്പിന് ഒരുങ്ങി ഖത്തർ
ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ
ദോഹ: ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട പരിശീലനത്തിലാണ് ഖത്തർ ദേശീയ ടീം. അയർലൻഡ്, എൽ സാൽവദോർ ടീമുകൾക്കെതിരായ സന്നാഹ മത്സരങ്ങൾക്ക് ശേഷമാണ് ടീം ടൂർണമെന്റിനെത്തുന്നത്.
തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ഇത്തവണ യോഗ്യതാ റൗണ്ട് കടന്നാണ് അമേരിക്കയിലെത്തുന്നത്. സ്പാനിഷ് പരിശീലകൻ ഹുലെൻ ലൊപെറ്റഗ്വിയുടെ കീഴിൽ സാന്താ ബാർബറയിൽ കഠിന പരിശീലനത്തിലാണ് ടീം. ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തറുള്ളത്. ജൂൺ പതിമൂന്നിന് സാൻ ഫ്രാൻസിസ്‌കോയിൽ സ്വിറ്റ്‌സർലാൻഡിന് എതിരെയാണ് ആദ്യ മത്സരം. പതിനെട്ടിന് കാനഡയെയും, ഇരുപത്തിനാലിന് ബോസ്‌നിയ ഹെർസഗോവിനയെയും നേരിടും. മികച്ച പ്രകടനത്തിലൂടെ നോക്കൗട്ട് റൗണ്ടിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ അന്നാബിപ്പട ബൂട്ടുകെട്ടുന്നത്.
ടീമിനു വേണ്ടി ഗ്യാലറിയിൽ ആർത്തുവിളിക്കാൻ ആയിരത്തോളം ആരാധക സംഘത്തെ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ചാർട്ടേഡ് വിമാനങ്ങളിൽ അമേരിക്കയിൽ എത്തിക്കുന്നുണ്ട്. ആതിഥേയ രാഷ്ട്രങ്ങളിലെ എംബസികൾ വഴി പ്രവാസി വിദ്യാർഥികളെയും പൗരന്മാരെയും കളി കാണാനെത്തിക്കാനുമുള്ള ശ്രമങ്ങളും സജീവമാണ്.
ഖത്തർ സ്‌ക്വാഡിൽ കണ്ണൂർ സ്വദേശിയായ തഹ്‌സീൻ മുഹമ്മദ് ഇടം പിടിച്ചത് മലയാളി ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്. രാജ്യത്തിനു വേണ്ടി ബൂട്ടണിയാൻ തഹ്‌സീന് അവസരമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രവാസികൾ അടക്കം ലോകത്തുടനീളമുള്ള മലയാളി സമൂഹം.