Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: ഇന്ന് രാവിലെ ഉണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട വ്യക്തിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കുവൈത്തിലേക്കുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടതായും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റ വ്യക്തികൾക്ക് ആവശ്യമായ അടിയന്തര മെഡിക്കൽ പരിചരണം നൽകിവരികയാണ്. കുവൈത്ത് സായുധ സേന ബന്ധപ്പെട്ട മറ്റ് സുരക്ഷാ അതോറിറ്റികളുമായി ഏകോപിപ്പിച്ച് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏത് സാഹചര്യങ്ങളെയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി അറിയിച്ചു. നാശനഷ്ടങ്ങൾ പരിശോധിക്കാനും അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കാനുമായി സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘം വിമാനത്താവളത്തിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ ഒന്നിനാണ് ടെർമിനൽ ഒന്നിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നത്.