വെയിലത്ത് പണി വേണ്ട; ഖത്തറിൽ നാളെ മുതൽ പകൽജോലിക്ക് നിയന്ത്രണം

ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി

Update: 2026-05-31 17:12 GMT

ദോഹ: ഖത്തറിൽ കടുത്ത ചൂടിനെ തുടർന്ന് രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് മൂന്നര വരെ പുറംജോലികൾക്ക് നിയന്ത്രണവുമായി തൊഴിൽ മന്ത്രാലയം. സെപ്തംബർ പതിനഞ്ചു വരെ തുടരുന്ന ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിലകും. തുറസ്സായ സ്ഥലങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നവർക്ക് ഏറെ ആശ്വാസകരമാണ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഈ ഉത്തരവ്.

2021 ലെ മന്ത്രിതല തീരുമാനം (നമ്പർ 17) അനുസരിച്ചാണ് ഗവണ്മെന്റ് നടപടി. വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമായാണ് ഉച്ചസമയത്തെ ജോലി വിലക്ക് ഏർപ്പെടുത്തുന്നത്. ഉച്ച നേരത്തെ ഖബറടക്ക ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾ രാവിലെ എട്ടു മണിക്ക് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും മാത്രം നടത്തണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചു. ഖത്തർ ഔഖാഫുമായി സഹകരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

രാജ്യത്ത് ചൂട് കനക്കുന്നതിനിടെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരുന്നത്. നിയമം കർശനമായി പാലിക്കണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കും. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികൾക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനുകളും ആരംഭിക്കും. 

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News