ന്യൂനമർദം: ഒമാനിൽ നാളെ മുതൽ ശക്തമായ മഴക്ക് സാധ്യത

ഹജർ മലനിരകളിലും മുസന്ദം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലും ജാഗ്രത

Update: 2026-10-24 14:31 GMT

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ 25 ഞായറാഴ്ച മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തി രാജ്യത്തേക്ക് പ്രവേശിക്കുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, മുസന്ദം തീരമേഖലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ പ്രതീക്ഷിക്കുന്നത്. ഒമാൻ ഉൾക്കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലേക്കും പ്രതികൂല കാലാവസ്ഥ വ്യാപിച്ചേക്കാം. വരും ദിവസങ്ങളിലും ഈ കാലാവസ്ഥ ഇടവിട്ട് തുടരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

മഴക്കൊപ്പം പലയിടങ്ങളിലും ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്വരകളിലും വാദികളിലും പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഞായറാഴ്ചയോടെ ഹജർ മലനിരകളിൽ കാർമേഘങ്ങൾ സജീവമാകുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ മാറ്റങ്ങൾ വരാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News