3,000ത്തിലധികം നിക്ഷേപകർക്ക് ഒമാനിൽ ദീർഘകാല റെസിഡൻസി വിസ
60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്
മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് രണ്ട് ഇൻവെസ്റ്റ്മെൻറ റസിഡൻസി വിസകളാണ് മന്ത്രാലയം അനുവദിക്കുന്നത്. റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപം, ദീർഘകാല ബാങ്ക് നിക്ഷേപങ്ങൾ എന്നിവയിലൂടെ അഞ്ച്, പത്ത് വർഷാടിസ്ഥാനത്തിൽ പുതുക്കാവുന്ന നിക്ഷേപ റെസിഡൻസി പ്രോഗ്രാമുകളാണിത്.
അതേസമയം, ''ഇൻവെസ്റ്റ് ഒമാൻ'' പ്ലാറ്റ്‌ഫോമിലൂടെ ലളിതമാക്കിയ നിക്ഷേപ അവസരങ്ങളുടെ എണ്ണം 68 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അതേ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്ന നിക്ഷേപ പദ്ധതികളുടെ ആകെ എണ്ണം 90 ആണെന്നും മന്ത്രാലയം പറഞ്ഞു. ദീർഘകാല വിസ ലഭിക്കാൻ 2021 ഒക്ടോബർ മുകൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു.