'ഇഴ' സിനിമയ്ക്ക് ഫിലിം ക്രിറ്റിക്സ് അവാർഡ്; റൂവി മലയാളി അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു
മസ്‌കത്ത്: 2024ലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയ 'ഇഴ'യുടെ നിർമ്മാതാവ് സലിം മുഹമ്മദിന് റൂവി മലയാളി അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു. 40 വർഷത്തോളം ഒമാനിൽ പ്രവാസിയായി കഴിയുന്ന ആർഎംഎ അംഗവും ചലച്ചിത്രപ്രവർത്തകനുമായ സലിം മുഹമ്മദ് നിർമ്മിച്ച 'ഇഴ' ഒരു ശക്തമായ സാമൂഹിക പ്രതിബദ്ധതയുള്ളത് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ജ്യൂറി വിധിയെഴുതുന്ന പ്രമുഖ ചലച്ചിത്ര പുരസ്‌കാരമാണ് ഫിലിം ക്രിറ്റിക്സ് അവാർഡ്. ഇത്തവണ 80 ചിത്രങ്ങൾ അവാർഡിനായി അപേക്ഷിച്ചതിൽ നിന്ന് 'ഇഴ' മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
''സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന കാഴ്ചപ്പാടുകൾ തുടർന്നും മിന്നുന്ന വിജയങ്ങളാകട്ടെ'' എന്ന ആശംസയോടെ റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി മുജീബ് അഹമ്മദ്, ട്രഷറർ സന്തോഷ് കെ.ആർ എന്നിവരാണ് സലിം മുഹമ്മദിനെയും സംവിധാനം ടീമിനെയും അഭിനന്ദിച്ചത്