ഇറാൻ-അമേരിക്ക ആണവ ചർച്ചക്ക് ഒമാൻ വേദിയായേക്കും

ചർച്ച ഏപ്രിൽ 12 ന് തലസ്ഥാനമായ മസ്കത്തിൽ നടക്കുമെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്

Update: 2025-04-08 15:36 GMT
Editor : razinabdulazeez | By : Web Desk
Advertising

മസ്കത്ത്: ഇറാൻ-അമേരിക്ക ആണവ ചർച്ചക്ക് ഒമാൻ വേദിയായേക്കും. ചർച്ച ഏപ്രിൽ 12 ന് തലസ്ഥാനമായ മസ്കത്തിൽ നടക്കുമെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിശദീകരണം ഒമാൻ നൽകിയിട്ടില്ല.

ഏപ്രിൽ 12 ന് ഒമാനിൽ നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യുഎസ് പ്രസിഡൻഷ്യൽ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഒരു പരീക്ഷണം പോലെതന്നെ അവസരവുമാണെന്ന് അര​ഗ്ചി എക്സിൽ കുറിച്ചു. ഞങ്ങൾ ഇറാനുമായി നേരിട്ട് ബന്ധ​പ്പെടുകയാണെന്നും ശനിയാഴ്ച ഞങ്ങൾക്ക് വലിയ ഒരു മീറ്റിങ്ങു​ണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ചർച്ചകൾ നടക്കുന്നത് സംബന്ധിച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിൽ ഒമാൻ നിർണായക പങ്ക് വഹിക്കുമെന്ന് സുൽത്താനേറ്റിന്റെ ഫലപ്രദമായ മധ്യസ്ഥതയുടെ ചരിത്രം എടുത്തുകാണിച്ച് കനാനി കൂട്ടിച്ചേർത്തു. 2015ലെ ആണവ കരാറിന്റെ ചർച്ചകൾ ഉൾപ്പെടെ നയതന്ത്ര വിഷയങ്ങളിലെ ഭിന്നതകൾ പരിഹരിക്കാൻ ഒമാൻ മുമ്പ് സഹായിച്ചിട്ടുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News