ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ; ഉദ്ഘാടനം അടുത്ത മാസം
10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂർത്തിയാക്കുന്നത്
മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അൽ ഖുവൈറിലെ 126 മീറ്റർ ഉയരമുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം അടുത്ത മാസമുണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി അറിയിച്ചു. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പൂർത്തിയാക്കുന്നത്.
ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ് ഇത്. 135 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്. കൊടിമരത്തിൽ സ്ഥാപിക്കുന്ന ഒമാനി പതാകയ്ക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
'അൽ ഖുവൈർ സ്‌ക്വയർ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴിൽ ജിൻഡാൽ ഷദീദ് അയേൺ ആൻർഡ് സ്റ്റീൽ കമ്പനിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ വിവിധ വിനോദ സൗകര്യങ്ങൾ, കായിക സംവിധാനങ്ങൾ, കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന നിരവധി സോണുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മസ്‌കത്തിൽ ആരംഭിച്ച ഒമാനി സൊസൈറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റിന്റെ എട്ടാമത് വാർഷിക സമ്മേളനത്തിലാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളായി മസ്‌കത്തിലെ പ്രവാസികളും സ്വദേശികളും ഒരുപോലെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹം നൽകിയത്.