ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ
ബർറുൽ ഹിക്മാനിൽ ജൂലൈ 24 വരെയാണ് പരിപാടി
മസ്‌കത്ത്: 2025 ലെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15 ന് ബർറുൽ ഹിക്മാനിൽ ആരംഭിക്കും. ജൂലൈ 24 വരെ പരിപാടി നീണ്ടുനിൽക്കും. മറ്റ് നിരവധി തീരദേശ സ്ഥലങ്ങളിലും പരിപാടികൾ നടക്കും. ഒമാൻ സെയിലുമായി സഹകരിച്ച് ഒമ്രാൻ ഗ്രൂപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സാഹസിക, സമുദ്ര കായിക ടൂറിസത്തിനുള്ള പ്രധാന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഒമാനെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.
സാംസ്‌കാരിക, വിനോദ പ്രവർത്തനങ്ങൾക്കൊപ്പം നിരവധി കൈറ്റ്‌സർഫിംഗ് മത്സരങ്ങളും ഇതിൽ ഉൾപ്പെടും. ഈ വർഷം കൂടുതൽ അന്താരാഷ്ട്ര അത്ലറ്റുകളെ പ്രതീക്ഷിക്കുന്നു.
നാല് തീരദേശ ഘട്ടങ്ങളിലൂടെയുള്ള കൈറ്റ്‌സർഫാണ് പ്രധാന ആകർഷണം. ജൂലൈ 16 ന് ബർറുൽ ഹിക്മാൻ മുതൽ മസീറ ദ്വീപ് വരെ, ജൂലൈ 20 ന് മസീറ ദ്വീപ് മുതൽ റഅ്‌സൽ റുവൈസ് വരെ, ജൂലൈ 21 ന് പിങ്ക് ലഗൂൺസ് മുതൽ അൽ അഷ്ഖറ വരെ, ജൂലൈ 23 ന് റഅ്‌സൽ ജിൻസ് മുതൽ റഅ്‌സൽ ഹദ്ദ് വരെ എന്നിങ്ങനെയാണ് നാല് ഘട്ടങ്ങൾ.
കൈറ്റ് കോഴ്സ് റേസ് (ബർറുൽ ഹിക്മാൻ, ജൂലൈ 15), ബിഗ് എയർ ഷോ (മസീറ ദ്വീപ്, ജൂലൈ 17), ഫ്രീസ്‌റ്റൈൽ ഷോ (മസീറ ദ്വീപ്, ജൂലൈ 18), കോസ്റ്റൽ റേസ് (മസീറ ദ്വീപ്, ജൂലൈ 19), സ്ലാലോം റേസ് (റഅ്‌സൽ ഹദ്ദ് തടാകം, ജൂലൈ 24) എന്നീ മത്സരങ്ങളും നടക്കും.
വിസിറ്റ് ഒമാൻ, ഒമാൻ അഡ്വഞ്ചേഴ്സ് സെന്റർ എന്നിവ ഫെസ്റ്റിവലിനെ പിന്തുണയ്ക്കുന്നുണ്ട്. പരിപാടികളുടെ ഷെഡ്യൂളുകളെക്കുറിച്ചും പൊതുജനങ്ങൾക്കുള്ള പ്രവേശനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ omankitefestival.om ൽ ലഭ്യമാണ്.