Writer - razinabdulazeez
razinab@321
മസ്കത്ത്: ചുരുങ്ങിയ കാലം കൊണ്ട് ഒമാൻ ഫുട്ബോൾ ടീമിന് നേട്ടങ്ങൾ ഏറെ സമ്മാനിച്ചാണ് മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും റാഷിദ് ജാബർ പടിയിറങ്ങുന്നത്. ഗൾഫ് കപ്പ് ഫൈനൽ പ്രവേശനം, ലോകകപ്പ് യോഗ്യത നാലാം റൗണ്ട് തുടങ്ങി റെഡ് വാരിയേഴ്സിന്റെ മുന്നേറ്റത്തിൽ മുഖ്യ പങ്കുവഹിച്ച പരിശീലകനാണ് റാഷിദ് ജാബർ.
കുവൈത്തിലെ ഹമദ് സ്റ്റേഡിയത്തിൽ ശക്തരായ സൗദിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് റെഡ് വാരിയേഴ്സ് ഗൾഫ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശിക്കുമ്പോൾ അയാൾ സന്തോഷം കൊണ്ട് കരയുന്നുണ്ടായിരുന്നു. ടീമംഗങ്ങൾ തങ്ങളുടെ സ്നേഹപ്രകടനം കാണിച്ചത് അയാളെ ആകാശത്തേക്ക് ഉയർത്തിയാണ്. കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടപ്പോൾ അയാൾ ഉള്ളിൽ തേങ്ങികൊണ്ട് അവരെ ആശ്വസിപ്പിച്ചു. കുറഞ്ഞ മാസങ്ങൾ മാത്രമായിരുന്നു റാഷിദ് ജാബിർ ഒമാൻ ടീമിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നുവുള്ളൂ എങ്കിലും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുതകുന്ന തരത്തിൽ അയാൾ ടീമിനെ ഉടച്ചുവാർത്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്‍റെ കോച്ചായിരുന്ന ജറോസ്ലാവ് സിൽഹവിയ 2024 ന്റെ തുടക്കത്തിൽ പരിശീലകനായി എത്തിയിരുന്നെങ്കിലും ഏഴ് മാസം പൂർത്തിയാകും മുൻപ് സിൽഹവിയക്ക് പുറത്തേക്കുള്ള വാതിൽ തുറന്നു. അവിടെയാണ് ഒമാന്റെ പഴയ താരം ജാബറിനെ നറുക്ക് വീണത്. പിന്നെ കണ്ടത് അടുത്ത കാലത്തൊന്നുമില്ലാത്ത റെഡ് വാരിയേഴിസിന്റെ കുതിപ്പാണ്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ടീം ജയിച്ചും തോറ്റും മുന്നേറി. അറേബ്യൻ കപ്പിനായി ടീമിനെ ഉടച്ചുവാർത്തു. ഒളിമ്പിക്, അണ്ടർ ട്വന്റി ടീമുകളിലെ താരങ്ങളെ വെച്ച് ക്യാമ്പ് സംഘടിപ്പിച്ച് മികച്ച കളിക്കാരെ ഉൾപ്പെടുത്തി ടീം സെറ്റാക്കി. അറേബ്യൻ ഗൾഫ് കപ്പിൽ ജാബിറിന്റെ കുട്ടികൾ കലാശപ്പോരിന് ഇടം നേടി. ഒടുവിൽ ടീമിനെ ലോക കപ്പ് യോഗ്യതയുടെ നാലാം റൗണ്ടിൽ എത്തിച്ചാണ് അയാൾ പടിയിറങ്ങുന്നത്. ജാബിറിന് പകരക്കാരനായി കാർലോസ് ക്വിറോസിനെയാണ് ഒമാൻ ഫുട്ബോൾ അസോസിയേഷൻ നിയമിച്ചിരിക്കുന്നത്.