ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെ ലൈസൻസ് പുതുക്കില്ല; ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം
നിരവധി മലയാളികളെ തീരുമാനം ബാധിക്കും
മസ്‌കത്ത്: ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങി ഒമാൻ. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെ ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു, നിർദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു. നിരവധി മലയാളികളെ ബാധിക്കുന്നതാണ് പുതിയ തീരുമാനം. ഒമാനിലെ ആശുപത്രികളിലും മാളുകളിലുമുള്ള ഫാർമസികളിൽ ഭൂരിഭാഗവും മലയാളികളാണ് ജോലിചെയ്യുന്നത്.
വാണിജ്യ സമുച്ചയങ്ങളിലും ആശുപത്രികളിലും പ്രവർത്തിക്കുന്ന ഫാർമസികളിലെ ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഒമാനിവൽക്കരണം ആവശ്യപ്പെടുന്ന സർക്കുലർ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു.
അതേസമയം, ഫാർമസി മേഖലയിലെ ഒമാനി ബിരുദധാരികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് പ്രവാസികളെ മാറ്റിസ്ഥാപിക്കുക മാത്രമല്ല, ഒമാനി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നും അവർ പറയുന്നു. ഒമാനികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒമാൻ വിഷൻ 2040ന്റെ ഭാഗമായാണ് ഈ സർക്കുലറെന്ന് മന്ത്രാലയം വ്യക്തമാക്കി.