യുഎഇ ടൂറിസ്റ്റ് വിസ: ഹോട്ടൽ ബുക്കിംഗ്, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധന കർശനം

ഒമാനിലെ പ്രവാസികൾക്ക് മുന്നറിയിപ്പ്

Update: 2025-07-16 09:01 GMT
Advertising

മസ്‌കത്ത്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഒമാനിലെ പ്രവാസികൾ, പാസ്പോർട്ട് പകർപ്പുകൾക്കൊപ്പം സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗുകളും റിട്ടേൺ ഫ്‌ളൈറ്റ് രേഖകളും ഹാജരാക്കണം. സന്ദർശന വിസ പ്രോസസ്സ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. കുറച്ചുകാലമായി നിയമം നിലവിലുണ്ടെങ്കിലും കഴിഞ്ഞ നാല് മാസമായി യുഎഇ അധികൃതർ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് യാത്രാ വ്യവസായ രംഗത്തെ പ്രൊഫഷണലുകൾ ചൂണ്ടിക്കാട്ടുന്നു.

നിയമം കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, സമീപകാലത്ത് ഇത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ആൻഡ് ടൂറിസം കമ്പനിയായ ഡി ഫ്‌ളൈയിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അജ്മൽ ഹുസൈൻ വ്യക്തമാക്കി. 'ഇപ്പോൾ വിസ അപേക്ഷയിൽ സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ഫ്‌ളൈറ്റ് ടിക്കറ്റ്, പാസ്പോർട്ട് പകർപ്പ്, ഫോട്ടോ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം' അദ്ദേഹം പറഞ്ഞു.

മുമ്പ്, അപേക്ഷകർ സാധുവായ പാസ്പോർട്ടും ഫോട്ടോയും മാത്രമേ നൽകേണ്ടിയിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കാത്ത പക്ഷം പ്രോസസ്സിംഗിൽ കാലതാമസമുണ്ടാകുകയോ വിസ നിരസിക്കപ്പെടുകയോ ചെയ്‌തേക്കാം.

വിസ അപേക്ഷകൾ യുഎഇയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയാണ് സമർപ്പിക്കേണ്ടത് - ICP (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി), GDRFA (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) വെബ്സൈറ്റുകൾ, അല്ലെങ്കിൽ ICP ആപ്പ്, ദുബൈ നൗ എന്നിവയാണ് ഔദ്യോഗിക സംവിധാനങ്ങൾ.

കൂടാതെ, വിസ ഫീസ് വർധിച്ചിട്ടുണ്ട്. മിക്ക ഏജൻസികളും ഇപ്പോൾ 30 ദിവസത്തെ വിസയ്ക്ക് ഏകദേശം 35 റിയാലും 60 ദിവസത്തെ വിസയ്ക്ക് 45 റിയാലും ഈടാക്കുന്നുണ്ട്. എന്നാൽ ഏജൻസിക്ക് അനുസരിച്ച് നിരക്കുകളിൽ അല്പം വ്യത്യാസമുണ്ടായേക്കാം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News